ന്യൂഡല്‍ഹി:അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളം കടുത്ത ചൂട് ശക്തമാകും. രാജസ്ഥാന്‍, മധ്യ പ്രദേശ്, മഹാരാഷ്‌ട്രയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഐ എം ഡി (ഇന്ത്യൻ കാലാവസ്ഥ വകുപ്പ് )ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും മധ്യ ഭാഗങ്ങളിലും, മൂന്ന് ദിവസങ്ങളില്‍ കിഴക്കന്‍ ഇന്ത്യയിലും ഉഷ്ണതരംഗം തുടരും.
പാകിസ്ഥാനില്‍ നിന്നെത്തുന്ന പടിഞ്ഞാറന്‍ കാറ്റാണ് ഇന്ത്യയിലെ കടുത്ത ചൂടിന് കാരണമാകുന്നത്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാവുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോലും ഉഷ്ണതരംഗം രൂക്ഷമാകും.