പലാമു : ജാർഖണ്ഡിൽ ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് 24 മണിക്കൂറിനിടെ ആറുപേർ മരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് മേദിനി നഗര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. പലാമുവിലെ പങ്കി, പാടന്‍ (Patan), ഹുസൈനാബാദ്, മേദിനി നഗർ, ബിഷ്രാംപൂർ, ഛത്തർപൂർ എന്നീ പ്രദേശങ്ങളിലാണ് കൊടുംചൂട് മൂലം ആളുകളുടെ മരണം റിപ്പോര്‍ട്ട് ചെയ്‌തത്.
ഹുസൈനാബാദിലെ ദന്ദറിലാണ് ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 45.9 ഡിഗ്രി സെൽഷ്യസാണ്. ജൂണ്‍ 18ന് പലാമുവിലാണ് ഈ താപനില റിപ്പോര്‍ട്ട് ചെയ്‌തത്. ഇവിടുത്തെ താപനില തുടർച്ചയായി 45 ഡിഗ്രി സെൽഷ്യസായി തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഉച്ചതിരിഞ്ഞും താപനില 45 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഉഷ്‌ണതരംഗത്തില്‍ 15ലധികം മൃതദേഹങ്ങളാണ് മേദിനി നഗര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്‌തത്.
മേദിനി നഗറില്‍ വീണ്ടും മരണം :റിപ്പോര്‍ട്ട് ചെയ്‌ത 15 മരണങ്ങളില്‍, ആറുപേരുടെ മരണകാരണം ഉഷ്‌ണതരംഗവും ഹൃദയാഘാതവുമാണെന്നാണ് വിവരം. മരിച്ചവരിൽ പ്രായമായവരും യുവാക്കളുമുണ്ട്. തിങ്കളാഴ്‌ച മേദിനി നഗറിലെ പലാമുവില്‍ അശോക് റാം എന്ന യുവാവാണ് മരിച്ചത്. പാടന്‍ പ്രദേശത്തെ ഭുദ്വയിൽ വിശ്വനാഥ് റാം എന്നയാളാണ് കൊടുംചൂടില്‍ മരിച്ചത്. മേദിനി നഗർ മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ഒരു സ്‌ത്രീയും കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.