ഹൃദയത്തിന്‍റെ സുഗമമായ പ്രവർത്തനം താളം തെറ്റിയാൽ എന്ത് സംഭവിക്കും...?. മരണം വരെ സംഭവിക്കാം. രക്തക്കുഴലുകളിലെ ചെറിയ ബ്ലോക്കുകളോ മറ്റോ ആണെങ്കില്‍ മരുന്ന് കഴിക്കുന്നതിലൂടെ മാറ്റിയെടുക്കാവുന്നതാണ്. ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഏറിവന്നാൽ ഒരു ബൈപ്പാസ് ശസ്‌ത്രക്രിയ മാത്രമാണ് സാധാരണക്കാര്‍ മിക്കവാറും പ്രതീക്ഷിക്കുന്നത്. എന്നാൽ ഹൃദയം മാറ്റിവയ്‌ക്കുക എന്ന അതിസങ്കീർണമായ പ്രക്രിയയും ഇതിന് പ്രതിവിധിയാണ്.
സമീപകാലത്തായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. പ്രായഭേദമന്യേ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വ്യായാമമോ നൃത്തമോ പോലുള്ള കൂടുതൽ കായികപരമായ അധ്വാനം ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാക്കളും ഹൃദയാഘാതത്താൽ കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്യുന്ന ദാരുണമായ സംഭവങ്ങളും സാധാരണമായിരിക്കുന്നു. ചില സാഹചര്യങ്ങളിൽ ജീവൻ നിലനിർത്തുന്നതിനുള്ള അവസാന പ്രതിവിധിയായി ഹൃദയം മാറ്റിവയ്ക്കലിന് ചിലര്‍ വിധേയരായേക്കാം. എന്നാൽ ഈ നടപടിക്രമത്തിന് ആവശ്യമായ ഭീമമായ ചെലവും നടപടിക്രമങ്ങളും കാരണം പലരും ഇതിൽ നിന്ന് പിൻവാങ്ങുന്നുമുണ്ട്.
കൊവിഡിന് ശേഷം ആഗോളതലത്തിൽ ഹൃദ്രോഗബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ മുന്‍കൂറായി കണ്ടെത്തി പരിഹരിക്കേണ്ടത് പ്രധാനമാണ്. എല്ലാ വർഷവും ഓഗസ്റ്റ് മൂന്ന് ദേശീയ ഹൃദയ മാറ്റിവയ്ക്കൽ ദിനമായി ആചരിക്കുന്നത്, ഈ ശസ്‌ത്രക്രിയയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ആളുകളില്‍ അവബോധം വളർത്തുന്നതിനുവേണ്ടിയാണ്.
മറ്റൊരു ചികിത്സ കൊണ്ടും ജീവൻ രക്ഷിക്കാന്‍ സാധ്യമാകാതെ വരുന്ന സാഹചര്യത്തിലാണ് അവസാന ശ്രമമായി ഹൃദയം മാറ്റി വയ്‌ക്കുന്നതിന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം രോഗിയായ മറ്റൊരാളില്‍ തുന്നിച്ചേര്‍ക്കുന്ന അതീവ സങ്കീര്‍ണമായ ശസ്‌ത്രക്രിയയാണിത്. ഇതിനായി രോഗിയുടെ ഹൃദയം പൂർണമായും നീക്കം ചെയ്യുകയോ, അത്യപൂർവമായി പുതുതായി തുന്നിച്ചേർക്കുന്ന ഹൃദയത്തെ സഹായിക്കാനായി പഴയ ഹൃദയം നിലനിര്‍ത്തുകയോ ചെയ്യും.
ഹൃദയമാറ്റ ശസ്‌ത്രക്രിയയിൽ രണ്ട് വ്യക്തികള്‍ നിർണായകമാണ്. ദാതാവും സ്വീകർത്താവും. അനുയോജ്യമായ അവയവ ദാതാക്കളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ദാതാവിന്‍റെ ഹൃദയവും സ്വീകർത്താവിന്‍റെ ശരീരവും തമ്മിൽ പൊരുത്തപ്പെടുക എന്നത് പ്രധാനമാണ്. കൂടാതെ ദാതാവിന് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും അവരുടെ കുടുംബം ഹൃദയം ദാനം ചെയ്യാൻ തയ്യാറായിരിക്കുകയും വേണം. ആരോഗ്യ രംഗത്തെ സാങ്കേതിക വിദ്യയിൽ സ്വപ്‌നതുല്യമായ പുരോഗതിയുണ്ടായിട്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ അതിസങ്കീർണവും ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയായി തുടരുന്നു.