ദാമോ:മധ്യപ്രദേശിലെ ദാമോ (Damoh) ജില്ലയിൽ സർക്കാർ ഹോസ്‌റ്റലിൽ കഴിയുന്ന ബധിരയും മൂകയുമായ പെൺകുട്ടി പീഡനത്തിനിരയായി. ദാമോയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സർവശിക്ഷാ അഭിയാന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്‌റ്റലിലാണ് സംഭവം. ഇതേ ഹോസ്റ്റലിലെ വാച്ച്മാനായ ഓം പ്രകാശ് തിവാരിയാണ് പീഡനത്തിന് പിന്നിൽ (Hearing And Speech Impaired Girl Raped By Hostel Watchman).
പത്തു വയസ്സുള്ള പെൺകുട്ടിയാണ് ഇന്നലെ (ചൊവ്വാഴ്‌ച) ക്രൂര പീഡനത്തിനിരയായത്. കുട്ടിയെ പീഡിപ്പിച്ചതുകൂടാതെ പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതോടെ വാച്ച്മാനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ കഴിഞ്ഞ 5 വർഷമായി വികലാംഗ ഹോസ്‌റ്റലിൽ ജോലി ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടി വേദനകൊണ്ട് പുളയുന്നതും, അവളുടെ വസ്ത്രത്തിൽ രക്തം പറ്റിയതും കണ്ട് ഹോസ്‌റ്റൽ ജീവനക്കാർ കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് പിന്നാലെ ഹോസ്‌റ്റൽ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹോസ്‌റ്റലിലെത്തിയ കോട്വാലി പോലീസ് പ്രതി രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (IPC), പോക്‌സോ (POCSO) എന്നിവ പ്രകാരം ബലാത്സംഗത്തിന് കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.