ന്യൂഡൽഹി:ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിര്‍ദേശം നല്‍കി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായാല്‍ നേരിടാനായി മുഴുവന്‍ സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരില്‍ യഥാസമയം ആന്‍റിജന്‍ പരിശോധനകള്‍ നടത്തണം. രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം കൃത്യമായി നടത്താനും അതിന്‍റെ റീഫിലിങിന് വേണ്ട മുഴുവന്‍ സൗകര്യങ്ങളുമുണ്ടെന്നും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജൻ സംബന്ധമായ പ്രശ്‌നങ്ങളും വെല്ലുവിളികളും ഉടനടി പരിഹരിക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഓക്‌സിജൻ കൺട്രോൾ റൂമുകൾ പുനരുജ്ജീവിപ്പിക്കണം.
വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രികര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കി. ഇന്ത്യയിലെത്തുന്ന യാത്രികര്‍ ഏത് രാജ്യത്ത് നിന്നാണോ എത്തുന്നത് അവര്‍ തീര്‍ച്ചയായും അവരുടെ രാജ്യത്തെ അംഗീകൃത ഷെഡ്യൂള്‍ പ്രകാരമുള്ള കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണം.