ന്യൂഡൽഹി :ചില സംസ്ഥാനങ്ങളില്‍ തുടർന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനം നിയന്ത്രിച്ചില്ലെങ്കിൽ രാജ്യമാകെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പല രാജ്യങ്ങളും കൊവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ച് തുടങ്ങിയെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
13 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലും 10 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നത് ചൂണ്ടിക്കാട്ടിയാണ് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വി.കെ പോളിന്‍റെ മുന്നറിയിപ്പ്.
കേരളം തന്നെ മുന്നിൽ
രാജ്യത്തെ ആകെ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഭൂരിഭാഗവും കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ്. കേരളം (30 ശതമാനം), മഹാരാഷ്‌ട്ര (20.8 ശതമാനം), തമിഴ്‌നാട് (8.5 ശതമാനം), ആന്ധ്രാപ്രദേശ് (7.3 ശതമാനം), ഒഡിഷ (6.5 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ ആശങ്കയാണ് പങ്കുവച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.