മുര്‍ഷിദാബാദ് (പശ്ചിമ ബംഗാള്‍): ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തു. മുര്‍ഷിദാബാദിലെ ബര്‍വാന്‍ ഗ്രാമത്തിലെ കുളത്തിലാണ് യുവതിയുടെ ശിരസ്സില്ലാത്ത മൃതശരീരം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഏകദേശം 18 മുതല്‍ 20 വയസ് വരെ പ്രായമുള്ളതായാണ് മനസിലാക്കുന്നതെന്നും ആളെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: യുവതിയുടെ നെഞ്ചില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയതായാണ് കരുതുന്നത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കണ്ഡിയിലെ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികമായി പീഡനത്തിനിരയായതായി സംശയിക്കുന്നു. യുവതിയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചതായാണ് വ്യക്തമാകുന്നത്. അറുത്തുമാറ്റപ്പെട്ട തലയ്‌ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
വഴിമുട്ടി അന്വേഷണം: ഇന്ന് (07.08.2023) രാവിലെ പാടത്ത് ജോലിക്കായി പോയ കര്‍ഷകരാണ് കുളത്തില്‍ രക്തം പുരണ്ട മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. മൃതദേഹം ആരാണ് ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് മനസിലാക്കാനുള്ള തെളിവുകള്‍ക്കായി പരിസരത്ത് പരിശോധന നടത്തിയെങ്കിലും രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ തന്നെ ഇതും പ്രതികൂലമായി.