രാമനഗര (കര്‍ണാടക) : വിജയനഗര സാമ്രാജ്യത്തിന്‍റെ തലവനായ കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ നിന്ന് മുന്‍ പ്രധാനമന്ത്രിയായ എച്ച്ഡി ദേവഗൗഡയെ ഒഴിവാക്കിയെന്ന ആരോപണം കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. ചടങ്ങിന്‍റെ തലേദിവസം വൈകിയാണ് ദേവഗൗഡയെ കര്‍ണാടക മുഖ്യമന്ത്രി ബന്ധപ്പെട്ടതെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
ചടങ്ങിന്‍റെ തലേദിവസം രാത്രി 9.30നാണ് മുഖ്യമന്ത്രി ദേവഗൗഡയെ ഫോണില്‍ ബന്ധപ്പെട്ടത്. രാത്രി ഏറെ വൈകി ഒരാളുടെ വശം കത്ത് കൊടുത്തയച്ചു. കത്തിന്‍റെ ആരംഭത്തില്‍ 'ബഹുമാന്യന്‍' എന്ന് മാത്രമായിരുന്നു എഴുതിയതെന്നും ദേവഗൗഡയുടെ പേര് കത്തിന്‍റെ അവസാനമാണ് ഉണ്ടായിരുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയെ തങ്ങള്‍ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് ബിജെപി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.