ബെംഗളൂരു:2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha Polls 2024) ബിജെപിയുമായുള്ള സഖ്യത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി (HD Kumaraswamy). ഇതേക്കുറിച്ച് പ്രാരംഭ ഘട്ടത്തിലുള്ള ചർച്ച മാത്രമാണ് നടത്തിയത്. സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ പദ്‌മനാഭ നഗറിലെ വസതിയിൽ എത്തി, മകനും ജെഡിഎസ് നേതാവുമായ കുമാരസ്വാമി രണ്ട് മണിക്കൂറോളം ചർച്ച നടത്തി. ഇതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. 'ഇപ്പോൾ ആരോഗ്യത്തിലാണ് എന്‍റെ പൂര്‍ണ ശ്രദ്ധയെന്ന മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വാക്കുകള്‍ ഞാൻ ശ്രദ്ധിക്കുകയുണ്ടായി. ഞങ്ങളുടെ പാർട്ടിയേയും ദേവഗൗഡയേയും എന്നേയും കുറിച്ച് അദ്ദേഹം നന്നായി സംസാരിച്ചതായി ഞാന്‍ അറിഞ്ഞു. ആർക്കും ഒഴിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല ആരും തന്നെ. സഖ്യം ഒരു പ്രത്യേക വിഷയത്തില്‍ മാത്രം അധിഷ്‌ഠിതമായതാണ്. അത് ബിജെപിക്കും ആവശ്യമില്ല, ഞങ്ങൾക്കും ആവശ്യമില്ല.'; അദ്ദേഹം പറഞ്ഞു.
'വിശ്വാസവും ബഹുമാനവും വളരെ പ്രധാനമാണ്. ബഹുമാനവും വിശ്വാസവും ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളൊക്കെ പ്രാഥമിക ഘട്ടത്തിലാണ്. നാളെ ജെഡിഎസ് പ്രവർത്തകരുടെ യോഗം വിളിക്കണമെന്ന് ദേവഗൗഡ നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രവർത്തകരോട് അഭിപ്രായം ചോദിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ എല്ലാം തീരുമാനിക്കാന്‍ കുറച്ച് സമയമെടുത്തേക്കും'- കുമാരസ്വാമി പറഞ്ഞു.
ALSO READ |'പഞ്ചരത്‌ന' ഏറ്റില്ല, സ്വപ്‌നം പൂവണിഞ്ഞതുമില്ല; ശക്തികേന്ദ്രത്തില്‍ പോലും പിടിച്ചുനില്‍ക്കാനാവാതെ ജെഡിഎസ്
ഈ വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് പോകേണ്ട സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ദേവഗൗഡ സമ്മതിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ പിന്നീട് വ്യക്തത വരുത്താം. കാര്യങ്ങളെക്കുറിച്ച് ഇനിയും ഒരുപാട് ചർച്ചകൾ നടക്കാനുണ്ടെന്നും കുമാരസ്വാമി കര്‍ണാടകയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എച്ച്‌ഡി ദേവഗൗഡ:വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ ഇക്കഴിഞ്ഞ ജൂലൈ 25ന് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ജെഡിഎസും ബിജെപിയും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹത്തിന്‍റെ മകനും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ്, കുമാരസ്വാമിയെ പൂര്‍ണമായും തള്ളി നിലപാട് വ്യക്തമാക്കി എച്ച്‌ഡി ദേവഗൗഡ രംഗത്തെത്തിയത്.
READ MORE |Lok Sabha Polls 2024 | 'ബിജെപിയുമായി സഖ്യമുണ്ടാക്കില്ല'; കുമാരസ്വാമിയെ തള്ളി എച്ച്‌ഡി ദേവഗൗഡ
'2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ ജെഡിഎസ് സ്വതന്ത്രമായി നേരിടും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ഉചിതമായ തീരുമാനം പിന്നീട് എടുക്കും. ജെഡിഎസ് രണ്ട് മുതല്‍ ആറ് സീറ്റില്‍ വരെയാണ് വിജയിക്കാന്‍ സാധ്യതയെങ്കില്‍ പോലും പാർട്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ശക്തമായ അടിത്തറയുള്ള സീറ്റുകളിലാണ് പാർട്ടി മത്സരിക്കുക.' - എച്ച്‌ഡി ദേവഗൗഡ വാര്‍ത്താസമ്മേളനത്തില്‍ അന്ന് വ്യക്തമാക്കിയിരുന്നു.