ബെംഗളൂരു:വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാക്കില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ജെഡിഎസും ബിജെപിയും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹത്തിന്‍റെ മകനും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ്, കുമാരസ്വാമിയെ പൂര്‍ണമായും തള്ളി നിലപാട് വ്യക്തമാക്കി എച്ച്‌ഡി ദേവഗൗഡ രംഗത്തെത്തിയത്.
'2024 പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ ജെഡിഎസ് സ്വതന്ത്രമായി നേരിടും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ഉചിതമായ തീരുമാനം പിന്നീട് എടുക്കും. ജെഡിഎസ് രണ്ട് മുതല്‍ ആറ് സീറ്റില്‍ വരെയാണ് വിജയിക്കാന്‍ സാധ്യതയെങ്കില്‍ പോലും പാർട്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ശക്തമായ അടിത്തറയുള്ള സീറ്റുകളിലാണ് പാർട്ടി മത്സരിക്കുക.' - എച്ച്‌ഡി ദേവഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'നിതീഷിന് താത്‌പര്യമുണ്ടായിരുന്നു, പക്ഷേ...':നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാർട്ടി, ഭാവി നടപടി പിന്നീട് തീരുമാനിക്കുമെന്നും ദേവഗൗഡ പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് തന്‍റെ പാർട്ടി പിന്തുണ നൽകിയതിനെക്കുറിച്ചും അദ്ദേഹം ഓര്‍മ പങ്കുവച്ചു. അതേസമയം, ജൂലൈ 17ന് ബംഗളൂരുവിൽ നടന്ന യോഗത്തിന് പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. കർണാടകയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് തന്നെ ക്ഷണിക്കുന്നതില്‍ എതിർത്തതെന്നും ഗൗഡ ചൂണ്ടിക്കാട്ടി.
ദേവഗൗഡയെ ക്ഷണിച്ചാൽ തങ്ങൾ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കർണാടകയിലെ കോൺഗ്രസിലെ ഒരു വിഭാഗം ഭീഷണി മുഴക്കിയെന്നും ദോവഗൗഡ ആരോപിച്ചു. നിതീഷ് കുമാര്‍ തന്നെ ക്ഷണിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ അനുകൂലിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.