ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ശ്രീഹരനും, രവിചന്ദ്രനും നൽകിയ മോചന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ച ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഹൈക്കോടതിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരം ലഭ്യമായ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ വിട്ടയക്കാൻ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയിലെ സുപ്രീം കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നളിനിയും, രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിലെത്തിയത്.
കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാൻ എഐഎഡിഎംകെ മന്ത്രിസഭ 2018 സെപ്റ്റംബറിൽ ശിപാർശ ചെയ്യുകയും അത് അന്നത്തെ സംസ്ഥാന ഗവർണർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഗവർണറിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ തങ്ങളെ വിട്ടയ്‌ക്കാൻ ഗവർണറോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
പിന്നാലെയാണ് പേരറിവാളൻ കേസിലെ സുപ്രീം കോടതിയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും ഹൈക്കോടതിയിൽ ഹർജികൾ നൽകിയത്. എന്നാൽ ഈ വകുപ്പുകൾ അനുസരിച്ച് ഉത്തരവിടാൻ ഹൈക്കോടതികൾക്ക് അധികാരമില്ലെന്നും അത് സുപ്രീം കോടതിയുടെ അധികാരമാണെന്നും ചീഫ് ജസ്റ്റിസ് എം എൻ ഭണ്ഡാരിയുടെയും ജസ്റ്റിസ് എൻ മാലയുടെയും ഉൾപ്പെട്ട ബെഞ്ച് അറിയിക്കുയായിരുന്നു.