ബെംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ വിജേഷ് പിള്ളക്കെതിരായ അന്വേഷണം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ വിജേഷ് പിള്ളക്ക് എതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണ ഉത്തരവ് റദ്ദാക്കി മജിസ്‌ട്രേറ്റ് കോടതി:സ്വര്‍ണ കടത്ത് കേസ് അന്വേഷണം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി നടപടികളില്‍ പിഴവ് വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. വിജേഷ് പിള്ളക്കെതിരെ സ്വര്‍ണ കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്ന മജിസ്‌ട്രേറ്റ് കോടതി പിന്നീട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് വിജേഷ് പിള്ള നല്‍കിയ അപേക്ഷയ്‌ക്ക് പിന്നാലെയായിരുന്നു അന്വേഷണ ഉത്തരവ് റദ്ദാക്കിയത്. വിജേഷിന്‍റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കിയത്.
വിജേഷ് പിള്ളക്കെതിരെയുള്ള സ്വപ്‌നയുടെ പരാതി: സ്വര്‍ണ കടത്ത് കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനായി വിജേഷ് പിളള തന്നെ സമീപിച്ചുവെന്നും 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തു എന്നുമാണ് വിജേഷ് പിള്ളക്കെതിരെയുള്ള സ്വപ്‌നയുടെ ആരോപണം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ കേസില്‍ ഒത്തു തീര്‍പ്പാക്കാന്‍ തനിക്ക് കോടികള്‍ നല്‍കാമെന്ന് വാഗ്‌ദാനം നല്‍കുകയായിരുന്നുവെന്നാണ് സ്വപ്‌നയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കി ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബെംഗളൂരു വിടാനും ഇയാള്‍ പറഞ്ഞെന്ന് സ്വപ്‌ന പരാതിയില്‍ പറയുന്നു.