പനാജി: സോഷ്യൽ മീഡിയയും മാധ്യമങ്ങളും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധങ്ങളായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് മഹേഷ് സോനക് (HC Judge Blames Social Media- Calls it Weapon Of Mass Distraction). ഇതിനെ നേരിടാൻ ഇതുവരെ യോജിച്ച ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. തെറ്റായ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ നല്ലത് ചില കാര്യങ്ങളെപ്പറ്റി അറിയാതിരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഡ്‌ഗാവിലെ ജി ആർ കെയർ ലോ കോളേജിലെ (G R Kare College of Law, Margao) വിദ്യാർഥികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിലെ ജഡ്‌ജിയായ മഹേഷ് സോനക് (Justice Mahesh Sonak).
കമ്പ്യൂട്ടറുകളും സ്‌മാർട്ട് ഫോണുകളും പോലുള്ളവയെ ആരാധിക്കുകയും അവയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ചിന്തിക്കാൻ ശ്രമിക്കുന്ന മനുഷ്യരെ നമ്മള്‍ അങ്ങേയറ്റം സംശയത്തോടെയും ജാഗ്രതയോടെയുമാണ് നോക്കിക്കാണുന്നത്. മനുഷ്യരാശിയുടെ മാനവികത കവർന്നെടുക്കാൻ നമുക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:Raghurai Indian Multilingual Chatbot : 'രഘുറായ് 67 ഭാഷകളിൽ ഉത്തരം നൽകും'; ബഹുഭാഷ ചാറ്റ്‌ബോട്ട് വികസിപ്പിച്ച് ഒമ്പതാം ക്ലാസുകാരൻ
"ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് (Artificial Intelligence) അതിന്‍റേതായ ഗുണങ്ങളുണ്ട്, പക്ഷേ നമ്മുടെ ചിന്താശേഷി, ബുദ്ധിപൂർവ്വവും സചേതനവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കഴിവ് എന്നിവ എന്നെങ്കിലും ഒരു യന്ത്രത്തിനോ അൽഗോരിതത്തിനോ പണയപ്പെടുത്തിയാല്‍, അവ എത്രമാത്രം ബുദ്ധിയുള്ളതായാലും അന്നൊരു ദുഃഖകരമായ ദിനവും ദുഃഖകരമായ ലോകവുമായിരിക്കും. മനുഷ്യനും യന്ത്രവും തമ്മിൽ വ്യത്യാസമില്ലാതാക്കാന്‍ വേണ്ടി നമ്മുടെ ചിന്താശേഷിയെ നശിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ല. മനുഷ്യരാശിയുടെ മാനവികത കവർന്നെടുക്കാൻ നമുക്ക് അനുവദിക്കാനാകില്ല", അദ്ദേഹം പറഞ്ഞു.
വ്യക്തമായും സ്വതന്ത്രമായും നിർഭയമായും ചിന്തിക്കാനുള്ള ഈ കഴിവ് മാധ്യമങ്ങൾ നിരന്തരം അടിച്ചേൽപ്പിക്കുന്ന ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വേർതിരിക്കാനും വിവേചിക്കാനും ആവശ്യമെങ്കിൽ നിരസിക്കാനും ഒരു വിദ്യാർഥിയെ പ്രാപ്‌തനാക്കുമെന്നും ജസ്റ്റിസ് സോനക് പറഞ്ഞു. ഏതാനും ദശകങ്ങള്‍ക്കു മുമ്പ് ലോകം വിനാശകരമായ ആയുധങ്ങൾക്കെതിരായിരുന്നു (Weapons Of Mass Destruction). ഇന്ന് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധങ്ങളായി (Weapons Of Mass Destraction) മാറിയിരിക്കുന്നു, എന്നിട്ടും അവയെ നേരിടാൻ യോജിച്ച ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നും ജസ്റ്റിസ് മഹേഷ് സോനക് അഭിപ്രായപ്പെട്ടു.
Also Read:ഹിറ്റായി 'ചരിത്ര സെല്‍ഫി' ; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഒന്നിച്ച് ഗാന്ധിയും ഐന്‍സ്‌റ്റീനും കാറല്‍ മാര്‍ക്‌സും
ഏകദേശം നാല് വർഷത്തോളമായി താന്‍ "ന്യൂസ് ഡയറ്റിൽ" (News Diet) ആണെന്നും ജസ്റ്റിസ് മഹേഷ് സോനക് വെളിപ്പെടുത്തി. "വാർത്തകൾ വായിക്കാതെയും കാണാതെയുമിരിക്കുന്നതിനാല്‍ ഞാൻ പല വിഷയങ്ങളെപ്പറ്റിയും അജ്ഞനാണെന്ന് തിരിച്ചറിയുന്നു. എന്നാൽ ഇത് തെറ്റായ വിവരങ്ങള്‍ അറിയുന്നതിലും മികച്ചതാണെന്ന് ഞാൻ കരുതുന്നു. അതിനാൽ മുന്നിലുള്ള മാര്‍ഗ്ഗം ഒന്നും അറിയാതിരിക്കുക എന്നതും തെറ്റായ വിവരം അറിയാതിരിക്കുക എന്നതുമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.