ഹൈദരാബാദ്: കോടതിയലക്ഷ്യത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ആന്ധ്രാപ്രദേശ് ഹൈക്കോടതി. എല്ലാ മാസവും അഗതിമന്ദിരങ്ങളില്‍ സേവനം നടത്താനാണ് നടപടി നേരിട്ട ഉദ്യോഗസ്ഥരോട് നീതിപീഠം ആവശ്യപ്പെട്ടത്. കോടതിയുടെ ഉത്തരവ് അവഗണിച്ചതിന് ഐഎഎസ് ഓഫീസർമാരായ വിജയ് കുമാർ, ശ്യാമള റാവു, ജികെ ദ്വിവേദി, ബുഡിറ്റി രാജശേഖർ, ശ്രീലക്ഷ്‌മി, ഗിരിജാ ശങ്കർ, ചൈനാവീരഭദ്രഡു, എംഎം നായക് എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാഴ്‌ച തടവ് ശിക്ഷയാണ് കോടതി ആദ്യം വിധിച്ചിരുന്നത്. ഇവര്‍ മാപ്പ് ചോദിച്ചതിന് പിന്നാലെ കേടതി വിധി പുനഃപരിശോധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്‍റെയും, രാത്രി ഭക്ഷണത്തിന്‍റെയും ചെലവ് വഹിക്കാനും കേസ് പരിഗണിച്ച ബെഞ്ച് ഉത്തരവിട്ടു. സ്‌കൂൾ കോമ്പൗണ്ടുകളിൽ വാർഡ്, വില്ലേജ് സെക്രട്ടേറിയറ്റുകളുടെ നിർമാണം ചോദ്യം ചെയ്‌തുള്ള പൊതുതാൽപര്യ ഹർജി പരിഗണച്ച കോടതി അത്തരം നിർമാണങ്ങൾ ഏറ്റെടുക്കരുതെന്ന് ഉത്തരവിട്ടിരുന്നു.