ബെംഗളൂരു: കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടിസ് അയച്ച് കര്‍ണാടക ഹൈക്കോടതി. കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ കോണ്‍ഗ്രസിന്‍റെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചത്. എംആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടിസ് അയച്ചത്. ഹൈക്കോടതി നവംബര്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് നേതാക്കള്‍ മനപ്പൂര്‍വം അനുസരിക്കാതിരിക്കുകയാണെന്ന് എംആർടി മ്യൂസിക് ആരോപിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആർടി മ്യൂസിക് പകര്‍പ്പവകാശ നിയമപ്രകാരം കേസ് ഫയല്‍ ചെയ്‌തിരുന്നു.