മുംബൈ: HC Judgement on Sakthi Mill Gang Rape Case:സെൻട്രൽ മുംബൈയിലെ പ്രവർത്തന രഹിതമായ ശക്തി മിൽസിൽ 22കാരിയായ ഫോട്ടോ ജേർണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്‌തു. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ചെയ്‌ത കുറ്റത്തിന് പശ്ചാത്തപിക്കാൻ പ്രതികൾക്ക് ജീവപര്യന്തം ആവശ്യമാണ് എന്ന് വിധി പ്രഖ്യാപനത്തിനിടെ കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സാധന ജാദവ്, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിജയ് ജാദവ്, മുഹമ്മദ് ഖാസിം ഷെയ്‌ഖ്, മുഹമ്മദ് അൻസാരി എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി ഇളവു ചെയ്തത്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമായിരുന്നു നടന്നതെന്നും ലൈംഗീക പീഡനം മനുഷ്യാവകാശ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിൽ വിധിപറയരുത്. മരണം പശ്ചാത്താപത്തിന് വിരാമമിടുകയാണ് ചെയ്യുന്നത്. അവർ ചെയ്‌ത കുറ്റത്തിന് പശ്ചാത്തപിക്കാൻ പ്രതികൾ ജീവപര്യന്തം തടവ് അർഹിക്കുന്നു. പരോളിനോ സമൂഹവുമായി ഇടപെഴകാനോ പ്രതികൾക്ക് അർഹതയില്ലെന്നും വിധിയിൽ പറയുന്നു.