മുംബൈ: മുംബൈയിലെ മലാദ് വെസ്റ്റ് ന്യൂ കലക്‌ടർ കോമ്പൗണ്ടിലെ ബഹുനില കെട്ടിടം തകർന്ന് എട്ട് കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്തയും ജസ്റ്റിസ് ജി.എസ് കുൽക്കർണിയും അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ബോംബെ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ജെ.പി ദിയോധറിനെ ജുഡീഷ്യല്‍ കമ്മീഷണറായും കോടതി നിയമിച്ചു.
സംഭവത്തില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം, കെട്ടിടത്തിന്‍റെ ഉടമ മുന്‍സിപ്പല്‍ അധികൃതരില്‍ നിന്നും നിർമാണത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ഏതെങ്കിലും സിവിക് അധികൃതര്‍ കെട്ടിടത്തിനെതിരെ മുന്‍പ് നടപടി സ്വീകരിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കമ്മിഷന്‍ അന്വേഷിയ്ക്കുക. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജൂൺ 24 നകം സമർപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
നിരപരാധികളായ എട്ട് കുട്ടികൾക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവം തങ്ങളെ വല്ലാതെ വേദനിപ്പിച്ചതായി ബെഞ്ച് പറഞ്ഞു. കാലവര്‍ഷം ആരംഭിച്ച ദിവസം തന്നെ എട്ട് നിരപരാധികളായ കുട്ടികൾ മരിച്ചു. ഇത് അധാർമ്മികതയല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി പറഞ്ഞു. ഇത് മനുഷ്യനിർമിത ദുരന്തമാണ്. ഓരോ വര്‍ഷവും ഇത് സംഭവിയ്ക്കുന്നു. എന്തുകൊണ്ട് ഇത് തടയാന്‍ സാധിയ്ക്കുന്നില്ലെന്നും കോടതി ചോദിച്ചു.