ഹൈദരാബാദ് : കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ തരംഗമായി 'CryPMPayCM' ഹാഷ്‌ടാഗ്. ഈ ഹാഷ്‌ടാഗിൽ സന്ദേശങ്ങളും മീമുകളും വീഡിയോകളും മാധ്യമവാര്‍ത്തകളും ട്വിറ്ററില്‍ പ്രചരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിന് പെട്ടെന്നുണ്ടായ പിന്തുണയെ തുടർന്ന് ആവേശത്തിലാണ് കർണാടകയിലെ കോണ്‍ഗ്രസ് നേതാക്കളും.
കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. തനിക്കെതിരെ കോണ്‍ഗ്രസ് അധിക്ഷേപകരമായ 91 പരാമര്‍ശങ്ങള്‍ നടത്തി എന്ന പ്രധാനമന്ത്രിയുടെ വാദത്തെ, രാജ്യത്തിന് വേണ്ടി വെടിയുണ്ടകള്‍ പോലും നെഞ്ചിലേറ്റുവാങ്ങാന്‍ സന്നദ്ധനായിരിക്കുന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പഠിക്കൂ എന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധി നേരിട്ടത്.
'ധൈര്യമായിരിക്കൂ മോദി ജി. എന്‍റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കൂ. രാജ്യത്തിന് വേണ്ടി വെടിയുണ്ട നെഞ്ചില്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് എന്‍റെ സഹോദരൻ പറയുന്നു. നിങ്ങൾ അധിക്ഷേപം തുടർന്നാലും സത്യത്തിന് വേണ്ടി നിൽക്കുമെന്നും എന്‍റെ സഹോദരൻ പറയുന്നു. വെടിയുതിര്‍ത്തോളൂ. അല്ലെങ്കിൽ കത്തികൊണ്ട് കുത്തിക്കോളൂ. പക്ഷേ സത്യത്തിന് വേണ്ടി രാഹുൽ നിലനിൽക്കും. മോദി ജി ഭയപ്പെടരുത്, പൊതുജീവിതം നയിക്കുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരും. ധൈര്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്' - ഇങ്ങനെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.
Also Read:'ഭയപ്പെടാതെ രാഹുലിനെ കണ്ട് പഠിക്കൂ, രാജ്യത്തിനായി വെടിയുണ്ട ഏറ്റുവാങ്ങാനും സന്നദ്ധൻ' : മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
നരേന്ദ്ര മോദിക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയെന്ന് നെറ്റിസണ്‍സ് പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചു. അതേസമയം, 'ചായ് വാല' മുതൽ 'മോദി കുടുംബപ്പേര് അപകീർത്തിപ്പെടുത്തൽ', 'വിഷ പാമ്പ്' എന്നീ പരാമർശങ്ങൾ വരെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ട് ആക്കിമാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത് എന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്.
കർണാടകയിലെ അഴിമതിക്കാരായ 'പേസിഎമ്മിനെ (PayCM)' രക്ഷിക്കാൻ 'ക്രൈപിഎം (CryPM)' വരുന്നുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് അനുഭാവികൾ മോദിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കര്‍ണാടകയില്‍ നേരിടേണ്ടി വന്നത് നിരവധി അഴിമതി ആരോപണങ്ങളാണ്. അതേസമയം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന് മനസിലായതോടെ കോണ്‍ഗ്രസ് സഭ്യമല്ലാത്ത രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
Also Read:പ്രചാരണച്ചൂടില്‍ കര്‍ണാടക; ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോകളുമായി മോദിയും പ്രിയങ്കയും
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്നടക്കം വിളിച്ച് ആക്ഷേപിക്കുന്ന കോണ്‍ഗ്രസിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് ബിജെപിയുടെയും ശ്രമം. റോഡ് ഷോകളും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. സംസ്ഥാനം മെയ് 10ന് വിധിയെഴുതും.