നുഹ് : ഹരിയാനയിലെ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ അക്രമണത്തിൽ ഇതുവരെ മരണം ആറായി. അക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ പ്രതിഷേധിച്ച് മനേസറിൽ ഹിന്ദു സംഘടനകൾ പഞ്ചായത്ത് വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിന് പുറമെ വിഎച്ച്‌പി പാനിപ്പത്തിൽ ബന്ദിനും ആഹ്വാനം ചെയ്‌തു.
ഹരിയാനയിലെ നുഹ്, പൽവാൽ, ഫരീദാബാദ്, രേവാരി, ഗുരുഗ്രാം, മഹേന്ദ്രഗഡ്, സോനിപത്ത്, പാനിപ്പത്ത് എന്നീ എട്ട് ജില്ലകളിലാണ് നിലവിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗുരുഗ്രാം ഒഴികെയുള്ള ജില്ലകളിൽ സ്ഥിതി നിയന്ത്രണ വിധേയമായി തുടങ്ങി. നുഹ് ജില്ലയിൽ സംഘർഷത്തെ തുടർന്ന് ജൂൺ 31 മുതൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു നിർദേശം ഉണ്ടാകും വരെ ഈ നിരോധനം തുടരും.
മൂന്ന് ദിവസമായി സംസ്ഥാനത്ത് നടക്കുന്ന അക്രമണത്തിൽ ഇത് വരെ ആറ് പേർ മരണപ്പെട്ടതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. മരിച്ചവരിൽ രണ്ട് പേർ ഹോം ഗാർഡ് സൈനികരും നാല് പേർ സാധാരണക്കാരുമാണ്. പരിക്കേറ്റവരെയെല്ലാം നൽഹാറിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമകാരികൾക്ക് കർശന ശിക്ഷ : അക്രമം നിയന്ത്രിക്കാൻ ഹരിയാന പൊലീസിന്‍റെ 30 യൂണിറ്റുകളും 20 അർധ സൈനിക വിഭാഗങ്ങളും വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിൽ 14 യൂണിറ്റുകൾ നുഹിലും മൂന്ന് യൂണിറ്റുകൾ പൽവാലിലും രണ്ട് യൂണിറ്റുകൾ ഫരീദാബാദിലും ഒരു യൂണിറ്റ് ഗുരുഗ്രാമിലുമാണ് വിന്യസിപ്പിച്ചിട്ടുള്ളത്. അതേസമയം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നുഹ് ആക്രമണത്തിൽ ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.