നുഹ് : ഹരിയാനയിലെ നുഹ് ആക്രമണക്കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ (Haryana Violence Congress MLA Jhirka Mamman Khan Arrested). ഫിറോസ്‌പൂർ (Firozpur) എംഎൽഎയായ ജിർക്ക മാമ്മൻ ഖാൻ ആണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായത്. എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ നുഹിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
ജില്ലയിലെ പ്രധാന പൊതുസ്ഥലങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷ വർധിപ്പിച്ചു. ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് (Haryana Home Minister Anil Vij) ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ മാമ്മൻ ഖാനെതിരെ ആരോപണം ഉന്നയിച്ചു. മാമ്മൻ ഖാൻ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.
സംഘർഷത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇതിനായി രണ്ട് തവണ എംഎൽഎയ്‌ക്ക് നോട്ടിസ് അയക്കുകയും ചെയ്‌തു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ രണ്ടുതവണയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മാമ്മൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഇന്നലെ ഹർജി പരിഗണിച്ച കോടതി അദ്ദേഹത്തിന്‍റെ ഹർജി തള്ളുകയും നിയമപരമായ വഴികൾ തേടുകയും ഒപ്പം കീഴ്‌ക്കോടതിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ജൂലൈ 31നാണ് നുഹിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ കല്ലേറ് ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രണ്ട് സമുദായക്കാർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. ഈ അക്രമത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നുഹ് അക്രമത്തിൽ 50ലധികം വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്.