ഛണ്ഡീഗഡ്: ഹരിയാനയിൽ പന്ത്രണ്ടാം ക്ലാസുക്കാർക്ക് ഇന്‍റേർണൽ അസസ്‌മെന്‍റ് നടത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും ഇന്‍റേണൽ അസസ്‌മെന്‍റിന്‍റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും ബുധനാഴ്‌ച അദ്ദേഹം അറിയിച്ചു.
പത്താം ക്ലാസ് പരീക്ഷയുടെ ഫലം ജൂൺ 15നകം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഇപ്പോൾ പരീക്ഷ നടത്താൻ സാധിക്കില്ലെന്നും എന്നാൽ ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ താൽപര്യം ഉണ്ടെങ്കിൽ അത്തരം വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.