ചണ്ഡീഗഡ്: ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിനും അന്യായമായി തടഞ്ഞുവച്ചതിനും കേസ്. വനിത ജൂനിയര്‍ അത്‌ലറ്റിക് കോച്ചിന്‍റെ പരാതിയില്‍ ചണ്ഡീഗഡ് പൊലീസാണ് കേസെടുത്തത്. സന്ദീപ് സിങ്ങിനെതിരെ ശനിയാഴ്‌ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
വനിത കോച്ചിന്‍റെ പരാതി; ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് - ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്
ഔദ്യോഗിക ജോലികൾക്കായി വിളിച്ചുവരുത്തിയാണ് സന്ദീപ് സിങ് ലൈംഗികാതിക്രം നടത്തിയതെന്നാണ് യുവതിയുടെ ആരോപണം.
ഇന്ത്യൻ ഹോക്കി ടീം മുന്‍ നായകന്‍ കൂടിയായ ബിജെപി നേതാവിനെതിരെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രിയുടെ ക്യാമ്പ് ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്ക് ഔദ്യോഗിക ജോലികൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് യുവതി ആരോപിച്ചത്.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രിയുടെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും സന്ദീപ് സിങ് പ്രതികരിച്ചു.