ന്യൂഡൽഹി: ഹരിയാന, തെലങ്കാന സംസ്ഥാനങ്ങൾക്ക് പുറമെ ഒഡീഷയിലും ലോക്ക്‌ഡൗൺ കാലാവധി നീട്ടി. ജൂൺ 17 വരെയാണ് ഒഡീഷയിൽ ലോക്ക്ഡൗൺ നീട്ടിയത്. കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലോക്ക്ഡൗൺ നീട്ടിയിരുന്നു.
അതേ സമയം ഉത്തർ പ്രദേശ്, ജമ്മു കശ്‌മീർ, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും വ്യവസ്ഥകളോടെ മാളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും.
അതേ സമയം ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണ്. തുടർച്ചയായ 46 ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാജ്യത്ത് 1,65,553 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമായിരുന്നു. അതേ സമയം സംസ്ഥാനങ്ങളിലെ കൊവിഡ് മരണനിരക്ക് ഉയരുകയാണ്.