നുഹ് : ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളിൽ 141 പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ്. സംഭവത്തിൽ 55 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. തിങ്കളാഴ്‌ച ഹരിയാനയിൽ മതപരമായ ഘോഷയാത്രക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ അക്രമത്തിൽ രണ്ട് പൊലീസ് ഹോംഗാർഡുകൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും പത്ത് പൊലീസുകാർ ഉൾപ്പെടെ 88 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
'മതപരമായ ഘോഷയാത്രക്കിടെ നടന്ന അക്രമസംഭവത്തിൽ ഇതുവരെ 55 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 141 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സംഘർഷത്തിൽ ആറ് പേർ മരിക്കുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു' -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, നുഹിലെ സംഘർഷത്തെ തുടർന്ന് ഗുരുഗ്രാമിലും സമീപ ജില്ലകളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് ഗുരുഗ്രാം പൊലീസ് സ്റ്റേഷനിൽ 27 എഫ്ഐആറുകൾ ഫയൽ ചെയ്യുകയും 38 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
'ഗുരുഗ്രാമിലുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് 27 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 38 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. 60 പേരെ പ്രതിരോധ തടങ്കലിലാക്കുകയും ചെയ്‌തിട്ടുണ്ട്' -ഗുരുഗ്രാം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ വരുൺ കുമാർ ധാഹിയ വ്യക്തമാക്കി.
അക്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചിട്ടുണ്ട്. 'കുറ്റവാളികളെ വെറുതെ വിടില്ല. അക്രമത്തിന്‍റെ സൂത്രധാരൻ ആരായാലും വലിയ വില നൽകേണ്ടിവരും. പൊതുമുതൽ നശിപ്പിച്ചതിന് കലാപകാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കും' -വിജ് അറിയിച്ചു.
സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര അർധസൈനിക സേനയെയും പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ വ്യാജവും പ്രകോപനപരവുമായ പോസ്റ്റുകൾ പങ്കുവക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താനും നടപടി സ്വീകരിക്കാനുമായി പുതിയ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണ് എന്നും വിജ് കൂട്ടിച്ചേർത്തു.
ആക്രമണത്തിന്‍റെ തുടക്കം : ജൂലൈ 31ന് ഗുരുഗ്രാമിന് സമീപത്ത് വച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് അക്രമം ഉണ്ടായത്. റാലി ഒരു സംഘം ആളുകൾ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയിൽ നിന്നുള്ള വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തി. തുടർന്ന് അക്രമികൾ പൊലീസിന് നേരെ കല്ലെറിയുകയും സർക്കാർ വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. മണിപ്പൂർ കലാപത്തിൽ രാജ്യം ആശങ്കയിലായിരിക്കെയാണ് ഹരിയാനയിലും രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
Also read:Haryana violence | ഗുരുഗ്രാം, നുഹ് അക്രമം ; 176 പേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്‌തത് 93 എഫ്‌ഐആറുകള്‍