ഛണ്ഡിഗഡ് : ഹരിയാനയിലെ യമുനാഗറില്‍ വ്യാജ മദ്യം കഴിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ മദ്യ ദുരന്തത്തിന് ഇരയായവരുടെ എണ്ണം 12 ആയി. ഫൂസ്‌ഗഡ്, മണ്ടേബാരി, പഞ്ചേതോ കാ മജ്ര, സരണ്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടും. അംബാലയിലെ ഫാക്‌ടറിയിലെ ജീവനക്കാരാണ് ഇരുവരും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (നവംബര്‍ 6) ഹരിയാനയിലെ യമുനാഗറില്‍ വ്യാജ മദ്യ ദുരന്തമുണ്ടായത്. രാത്രിയില്‍ മദ്യം കഴിച്ച പത്തിലധികം പേര്‍ക്കാണ് ആദ്യം ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. മദ്യപിച്ചവരില്‍ അധിക പേര്‍ക്കും കടുത്ത ഛര്‍ദി ഉണ്ടാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
ആശുപത്രിയിലെത്തിച്ച പത്ത് പേരില്‍ അഞ്ച് പേര്‍ ആദ്യം മരിച്ചു. ഇവരുടെ മൃതദേഹം കുടുംബങ്ങള്‍ പൊലീസില്‍ അറിയിക്കാതെ സംസ്‌കരിച്ചു. പൊലീസില്‍ അറിയിക്കാത്തത് കൊണ്ട് തന്നെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടവും നടത്തിയിട്ടില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്ന് പേരെ വിദഗ്‌ധ ചികിത്സയ്‌ക്കായി മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ചികിത്സക്കിടെ ബാക്കി അഞ്ച് പേര്‍ കൂടി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ഫരഖ്‌പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ഏതാനും പേരെ പൊലീസ് ചോദ്യം ചെയ്‌തു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ പൊലീസ് റെയ്‌ഡ് നടത്തി. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.