ഗുരുഗ്രാം :ഹരിയാനയിലെ നൂഹ് ജില്ലയിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ രണ്ട് ഹോം ഗാർഡുമാര്‍ വെടിയേറ്റ് മരിച്ചു. ഖേദാലി ദൗല പൊലീസ് സ്റ്റേഷന് പരിധിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നീരജ്, ഗുർസേവക് എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ 12 ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിൽ കോളജുകളും കോച്ചിങ് സെന്ററുകളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾക്ക് ജില്ല ഭരണകൂടം നിർദേശം നൽകി. ജില്ല മജിസ്ട്രേറ്റ് നിഷാന്ത് കുമാർ യാദവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ചയാണ് ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ റാലിക്കിടെ കല്ലേറുണ്ടായത്. പിന്നാലെ ഗുരുഗ്രാം - ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയുമായിരുന്നു. റാലി ഒരു സംഘം തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
അതേസമയം ഗുരുഗ്രാമിൽ നിന്ന് മേവാത്തിലേക്ക് മാർച്ച് ചെയ്യുമ്പോഴാണ് ജനക്കൂട്ടം പൊലീസ് സംഘത്തെ ആക്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് നൂഹ് ആക്ടിങ് എസ്പി നരേന്ദർ ബിജാർനിയ പറയുന്നതിങ്ങനെ- ഇന്നത്തെ സംഭവം ദൗർഭാഗ്യകരമാണ്. നൂഹിലെ സ്ഥിതി നിയന്ത്രണവിധേയമാണ്.