കർണാൽ :കഴിഞ്ഞ ദിവസം രാത്രി ഹരിയാനയിലെ കർണാൽ റെയിൽവേ സ്‌റ്റേഷനിലേക്ക് കടന്നുവന്ന വിഐപിയെ കണ്ട് യാത്രക്കാരും ഉദ്യോഗസ്ഥരും ഒന്ന് ഞെട്ടി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. മരം കോച്ചുന്ന തണുപ്പത്ത് ഏതാനുംപേർ റെയിൽവേ സ്‌റ്റേഷനിലെ തുറസായ സ്ഥലത്ത് കിടന്നുറങ്ങുന്നുണ്ടെന്നറിഞ്ഞ് വന്നതാണ് സ്ഥലം എംഎൽഎ കൂടിയായ അദ്ദേഹം. അവിടെയെത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, തണുപ്പത്ത് കിടക്കുന്നവരെ ഉടൻ തൊട്ടടുത്ത ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാന്‍ നിർദേശം നൽകി (Haryana CM Visits Karnal Railway Station).
മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് അവരെ തൊട്ടടുത്ത അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതുകൂടാതെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുവേണ്ട ക്രമീകരണങ്ങൾ തയാറാക്കാൻ തന്‍റെ വ്യക്തിഗത ഫണ്ടിൽനിന്ന് രണ്ടര ലക്ഷം രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്. ഇതിൻ്റെ ചിത്രങ്ങളും അദ്ദേഹം തൻ്റെ എക്‌സ് പേജിൽ പോസ്‌റ്റ് ചെയ്‌തു. "സ്ഥലത്ത് കണ്ട നിർധനരായ ആളുകളെ ഉടൻ തന്നെ സുരക്ഷ വാഹനത്തിൽ നൈറ്റ് ഷെൽട്ടറിലേക്ക് കൊണ്ടുപോയി. എൻ്റെ സ്വകാര്യ ഫണ്ടിൽ നിന്ന് 2.50 ലക്ഷം രൂപ അനുവദിക്കുകയും അവർക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാൻ ജില്ല കലക്‌ടർക്ക് നിർദേശം നൽകുകയും ചെയ്‌തു."മുഖ്യമന്ത്രി എക്‌സില്‍ പറഞ്ഞു (Manohar Lal Khattar at Karnal Railway Station).