മുംബൈ: ഹിജാബ് വിഷയത്തിൽ ഉൾപ്പെടെ പെൺകുട്ടികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് 2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ ഹർനാസ് സന്ധു. പെൺകുട്ടികളെ അവർ ഇഷ്‌ടപ്പെടുന്ന രീതിയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് ഹർനാസ് പറയുന്നു. മാർച്ച് 17ന് മുംബൈയിൽ നടന്ന പരിപാടിക്കിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്ധു ഹിജാബ് വിവാദത്തിൽ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഭിമുഖത്തിനിടെ റിപ്പോർട്ടർ ഹിജാബ് വിവാദത്തിൽ സന്ധുവിന്‍റെ കാഴ്‌ചപ്പാടിനെ കുറിച്ച് ചോദിച്ചു. ചോദ്യത്തിന് സന്ധു മറുപടി പറയുന്നതിന് മുൻപ് പരിപാടിയുടെ സംഘാടകൻ ഇടപെടുകയും രാഷ്‌ട്രീയ ചോദ്യങ്ങൾ ഒഴിവാക്കി വിശ്വസുന്ദരിയുടെ ജീവിതയാത്രയെ കുറിച്ചും വിജയത്തെ കുറിച്ചും ചോദിക്കാൻ റിപ്പോർട്ടറോട് ആവശ്യപ്പെട്ടു.
എന്നാൽ തന്‍റെ അഭിപ്രായം ഹർനാസ് തന്നെ പറയട്ടെയെന്ന് റിപ്പോർട്ടർ പറയുന്നു. തുടർന്ന് ചോദ്യത്തിന് മറുപടി നൽകിയ ഹർനാസ് സമൂഹത്തിൽ പെൺകുട്ടികളെ ടാർഗറ്റ് ചെയ്‌ത് ആക്രമണങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് വേദന പ്രകടിപ്പിച്ചു.
"നിങ്ങൾ എന്തുകൊണ്ടാണ് എപ്പോഴും പെൺകുട്ടികളെ ലക്ഷ്യമിടുന്നത്. ഇപ്പോൾ പോലും നിങ്ങൾ എന്നെ ലക്ഷ്യമിടുകയാണ് ചെയ്യുന്നത്. ഹിജാബ് വിഷയത്തിൽ പോലും പെൺകുട്ടികൾ ആക്രമിക്കപ്പെടുന്നു. അവർ തെരഞ്ഞെടുക്കുന്ന രീതിയിൽ പെൺകുട്ടികൾ ജീവിക്കട്ടെ. അവരെ പറക്കാൻ അനുവദിക്കൂ. പെൺകുട്ടികളുടെ ചിറകുകൾ മുറിയരുത്. നിങ്ങൾക്ക് ആരുടെയെങ്കിലും ചിറകുകൾ മുറിച്ചേ മതിയാകൂവെങ്കിൽ നിങ്ങളുടെ സ്വന്തം ചിറകുകൾ മുറിക്കുക." ഹർനാസ് സന്ധു പറയുന്നു.
വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയ ഹർനാസ് തുടർന്ന് ഈ വർഷം നടന്ന വിശ്വസുന്ദരി മത്സരത്തിലെ വിജയത്തെ കുറിച്ച് ചോദിക്കാൻ റിപ്പോർട്ടറോട് ആവശ്യപ്പെട്ടു.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി അടുത്തിടെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്ലാമിന്‍റെ മതപരമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാണെന്നും ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
Also Read: സമയം പ്രധാനമാണ്, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ കഴിഞ്ഞില്ല; സിനിമ വിടാന്‍ തീരുമാനിച്ച ആമിര്‍