ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന് വേദിയാകുന്നത് ചെന്നൈക്ക് സമീപമുള്ള മഹാബലിപുരമാണ്. മഹാബലിപുരത്തെ ഫോർ പോയിന്‍റ്സ് ബൈ ഷെറാട്ടണിലെ കൺവൻഷൻ സെന്‍ററില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ 187 രാജ്യങ്ങളില്‍ നിന്നായി 1,700 ഓളം പേർ പങ്കെടുക്കും.
ലോകോത്തര ചെസ് താരങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പ്യാഡില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഗ്രാന്‍ഡ്‌മാസ്‌റ്ററും ലോക വനിത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വട്ടം മെഡല്‍ ജേതാവുമായ ഹരിക ദ്രോണവല്ലി. അവസാന ട്രൈമസ്‌റ്ററിലുള്ള (ഗർഭകാലത്തിന്‍റെ അവസാന ആഴ്‌ചകള്‍) ഹരിക ദ്രോണവല്ലി സ്വന്തം രാജ്യത്ത് വച്ച് നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുമെന്ന് ഇടിവി ഭാരതിനോട് പറഞ്ഞു. ചെസ് ഒളിമ്പ്യാഡ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ടൂര്‍ണമെന്‍റിനെ കുറിച്ചും ഇന്ത്യയുടെ സാധ്യതകളെയും തന്‍റെ പ്രകടനത്തെ കുറിച്ചും ഹരിക ഇടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
ചെസിന്‍റെ ഒളിമ്പിക്‌സ്: 'ചെസ് ഒളിമ്പ്യാഡ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സ് പോലെയാണ്. ഗര്‍ഭിണിയാണെങ്കിലും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാണ് എന്‍റെ തീരുമാനം. ആദ്യമായാണ് ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
ഞാന്‍ എല്ലാത്തവണയും ടീമിന് വേണ്ടി കളിക്കാറുണ്ട്, സ്വന്തം രാജ്യത്ത് വച്ച് നടക്കുന്ന മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാതിരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന് പുറമേ നമ്മള്‍ ടോപ്പ് സീഡാണ്. ഒരു മണിക്കൂര്‍ ദൂരം മാത്രമാണ് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് യാത്രയ്ക്ക്, അതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളില്ല.
റഷ്യയിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാനുള്ള ഒരു സാധ്യതയുമില്ലായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ റോഡ് മാര്‍ഗം യാത്ര ചെയ്യും. കഴിഞ്ഞ കുറേ നാളുകളായി വീട്ടിലിരുന്ന് ഞാന്‍ പരിശീലിക്കുന്നുണ്ട്.
എല്ലാ ഘട്ടത്തിലുമുള്ള എല്ലാ മത്സരങ്ങളിലും കളിക്കാനായില്ലെങ്കിലും ചിലതിലെങ്കിലും കളിക്കാന്‍ സാധിച്ചാല്‍ നന്നാകുമെന്ന് തോന്നുന്നു. എന്‍റെ ഇപ്പോഴത്തെ സമ്മര്‍ദത്തെ കുറിച്ച് എനിയ്ക്ക് പറയാന്‍ കഴിയില്ല. കുറേ മാസങ്ങളായി ഞാന്‍ വീട്ടില്‍ തന്നെയാണ്.
ചെസ് ശാരീരിക അധ്വാനം ആവശ്യമില്ലാത്ത കായികമാണ്. അതുകൊണ്ട് ഡോക്‌ടറും എന്നോട് മത്സരത്തില്‍ പങ്കെടുക്കാനാണ് ഉപദേശിച്ചത്. നാല്, അഞ്ച് മാസം ഗര്‍ഭിണിയായ സ്‌ത്രീകള്‍ മുന്‍പ് മത്സരിച്ചിട്ടുണ്ട്, എന്നാല്‍ അവസാന ട്രൈമസ്‌റ്ററില്‍ (ഗർഭകാലത്തിന്‍റെ അവസാന ആഴ്‌ചകള്‍) ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കുന്ന ആദ്യ വനിത ഞാനാണെന്ന് തോന്നുന്നു.
മെഡല്‍ സാധ്യത കൂടുതല്‍:കടലാസില്‍ ഇന്ത്യ ശക്തരാണ്, ടോപ് സീഡുമാണ്. ചെസ് ഒളിമ്പ്യാഡ് സ്വിസ് ഫോർമാറ്റിലാണ്. പതിനൊന്ന് റൗണ്ടുകളുള്ള ടൂര്‍ണമെന്‍റാണ്, ഓരോ സിംഗിള്‍ റൗണ്ടും ആകെ ഫലത്തെ സ്വാധീനിക്കും.