കേരളം

kerala

ETV Bharat / bharat

'ഈ പ്രായത്തിലും അഭിനയത്തിന്‍റെ ചൂട് പറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കും'; മമ്മൂട്ടിയെ പുകഴ്‌ത്തി ഹരീഷ് പേരടി

കഥാപാത്രങ്ങൾക്ക് വേണ്ടി മമ്മൂട്ടി നടത്തുന്ന സഹനവും സമരവുമാണ് ഈ വിജയമെന്നും എട്ട് തവണയാണ് മമ്മൂട്ടി അദ്ദേഹത്തിന്‍റെ കൈയ്യിൽ സംസ്ഥാന പുരസ്‌കാരം തലോടുന്നതെന്നും ഹരീഷ് പേരടി പറയുന്നു.

Hareesh Peradi praises Mammootty  Mammootty for winning state film awards  Hareesh Peradi praises  Hareesh Peradi  Mammootty  Mammootty best actor  മമ്മൂട്ടിയെ പുകഴ്‌ത്തി ഹരീഷ് പേരടി  മമ്മൂട്ടി  ഹരീഷ് പേരടി  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  മികച്ച നടന്‍  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  Kerala State Film Awards  Kerala State Film Awards 2022
'ഈ പ്രായത്തിലും അഭിനയത്തിന്‍റെ ചൂട് പറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കും'; മമ്മൂട്ടിയെ പുകഴ്‌ത്തി ഹരീഷ് പേരടി

By

Published : Jul 22, 2023, 10:37 AM IST

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലൂടെ എട്ടാമതും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്. 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസ് മുതല്‍ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ ചിത്രം, ഒടുവില്‍ 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും തിളങ്ങി. ഈ സിനിമയിലെ അഭിനയ മികവിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, മികച്ച ചിത്രമായി 'നന്‍പകല്‍ നേരത്ത് മയക്കം' തെരഞ്ഞെടുക്കപ്പെട്ടു.

എഴുപത്തി ഒന്നാം വയസിലും മികച്ച നടനുള്ള പുരസ്‌കാരം നേടിയതോടെ ആശംസകളുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തി. നടന്‍ ഹരീഷ് പേരടിയും മമ്മൂട്ടിയെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി മമ്മൂട്ടി നടത്തുന്ന സഹനവും സമരവുമാണ് ഈ വിജയം എന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.

'എട്ട് തവണ.. എത്ര തവണ ?.. എട്ട് തവണ... ഒരു നടൻ അയാളുടെ കൈയ്യിൽ സംസ്ഥാന പുരസ്‌കാരം തലോടുന്നു.. കഥാപാത്രങ്ങൾക്ക് വേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീ വിജയം... ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ.. ജയിംസിൽ നിന്ന് സുന്ദരത്തിലേയ്‌ക്കും, സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം പകർന്നാട്ടത്തിന്‍റെ ഒരു ഉറക്കം മാത്രമാണ് എന്നുള്ളത് കാഴ്‌ച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു..

മമ്മുക്കാ, നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആരുമല്ല... പകരം മമ്മുക്കാ മമ്മുക്കാ എന്ന് പല ആവർത്തി ഉറക്കെ വിളിച്ച് ഈ 72-ാം വയസിലും കത്തിക്കൊണ്ടിരിക്കുന്ന അഭിനയത്തിന്‍റെ ചൂട് പറ്റാൻ ഇനിയും നിരന്തരമായി ശ്രമിച്ചു കൊണ്ടേയിരിക്കും എന്ന് മാത്രം.. ഞാൻ ഇത് എഴുതുമ്പോഴും മറ്റേതോ കഥാപാത്രത്തിനെ ആർത്തിയോടെ നിങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ.. ഹരീഷ് പേരടി..' -ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചു.

അഭിനയ ജീവിതത്തിന്‍റെ 52 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എട്ട് തവണയാണ് മമ്മൂട്ടി എന്ന അഭിനയ കുലപതി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയത്. അതില്‍ ആറ് തവണയാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ഒരു തവണ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും ലഭിച്ച താരത്തിന് ഒരു തവണ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. മൂന്ന് തവണ ദേശീയ പുരസ്‌കാരവും മമ്മൂട്ടിയെ തേടി എത്തിയിട്ടുണ്ട്.

നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടിയുടെ കയ്യില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തുന്നത്. 'പാലേരി മാണിക്യം' എന്ന സിനിമയിലൂടെ 2010ലാണ് മമ്മൂട്ടിയ്‌ക്ക് ഏറ്റവും ഒടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത് 1981ല്‍ 'അഹിംസ' എന്ന ചിത്രത്തിലൂടെയാണ്. 'അഹിംസ'യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.

'അടിയൊഴുക്ക്' എന്ന ചിത്രത്തിലൂടെ 1985ലാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 'ഒരു വടക്കന്‍ വീരഗാഥ', 'മൃഗയ', 'മഹായാനം' എന്നീ സിനിമകള്‍ക്ക് 1989ലും, 'വിധേയന്‍', 'പൊന്തന്‍മാട', 'വാത്സല്യം' എന്നീ ചിത്രങ്ങള്‍ക്ക് 1993ലും മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ല്‍ 'കാഴ്‌ച' എന്ന സിനിമയിലൂടെയും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. 'യാത്ര', 'നിറക്കൂട്ട്' എന്നീ സിനിമകളിലെ അഭിനയ മികവിന് 1985ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രേത്യക പരാമര്‍ശത്തിനും താരം അര്‍ഹനായി.

Also Read:Kerala State Film Awards | മികച്ച നടൻ മമ്മൂട്ടി; നേട്ടം 'ജെയിംസിന്‍റേയും സുന്ദരത്തിന്‍റേയും' പകർന്നാട്ടത്തിന്

ABOUT THE AUTHOR

...view details