ഗാന്ധിനഗർ:മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ ബിജെപി ഓഫിസിൽ ഹാർദിക് പട്ടേലിനെ നേതാക്കൾ കാവിഷാളും തൊപ്പിയും അണിയിച്ച് സ്വീകരിച്ചു. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീലും ചേർന്നാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്.
ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു ദേശീയ താത്‌പര്യം, പ്രാദേശിക താത്‌പര്യം, സാമൂഹിക താത്‌പര്യം എന്നിവയുമായി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ സേവനത്തിലെ ബൃഹത്തായ പ്രവർത്തനങ്ങളിൽ ഞാൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കുമെന്ന് ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
പദവിക്ക് വേണ്ടിയല്ല, പാർട്ടിയിൽ പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിന് ഒരു തരത്തിലുമുള്ള പ്രവൃത്തികളും ചെയ്യാൻ താത്‌പര്യമില്ല. പ്രധാനമന്ത്രി മോദി ലോകത്തിന്‍റെ മുഴുവൻ അഭിമാനമാണെന്നും മറ്റ് പാർട്ടികളിലെ നേതാക്കളോടും ബിജെപിയിൽ ചേരാൻ അഭ്യർഥിക്കുകയാണെന്നും പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിന് മുൻപ് പട്ടേൽ പറഞ്ഞു.
2017ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടീദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതോടെയാണ് ഹാർദിക് പട്ടേല്‍ രാഷ്ട്രീയത്തില്‍ സജീവമായത്. തുടക്കത്തിൽ, പട്ടേൽ പാട്ടീദാർ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യത്തിലേക്കെത്തി.
വിഷയത്തില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഹാർദിക് പ്രക്ഷോഭം ഉണ്ടാക്കുന്നുവെന്നാരോപിച്ച് കേസെടുത്തു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പട്ടേൽ കോൺഗ്രസിൽ ചേർന്നു. തുടർന്ന്, 2020ൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്‍റായി അദ്ദേഹത്തെ നിയമിച്ചു. എന്നാല്‍ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കോൺഗ്രസ് നേതൃത്വം തന്നെ മാറ്റിനിർത്തുകയാണെന്നാരോപിച്ച് മെയ് 19ന് അദ്ദേഹം പാർട്ടി വിട്ടു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നത്.
Also Read: ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; ജൂണ്‍ 2ന് അംഗത്വമെടുക്കും