ജാംനഗർ(ഗുജറാത്ത്): അധികൃതര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ലംഘിച്ച് രാഷ്‌ട്രീയ പ്രസംഗം നടത്തി എന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് എടുത്ത കേസില്‍ ബിജെപി എംഎല്‍എ ഹാര്‍ദിക് പട്ടേലിനെ ജാംനഗര്‍ ജില്ലാ കോടതി കുറ്റവിമുക്തനാക്കി. 2017ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഹാര്‍ദിക്കിനെ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജില്ല ജഡ്‌ജി മനീഷ് നന്ദാനി ചൂണ്ടിക്കാട്ടി.
പാട്ടീദാര്‍ പ്രക്ഷോഭകാലത്തെ പ്രസംഗവുമായി ബന്ധപ്പെട്ട് എടുത്ത കേസ്: ഹാര്‍ദിക് പട്ടേലിനെ കുറ്റവിമുക്തനാക്കി കോടതി
എക്‌സിക്യുട്ടീവ് മജിസ്‌ട്രറ്റിന്‍റെ നിബന്ധനകള്‍ ലംഘിച്ച് കൊണ്ട് ഹാര്‍ദിക് പട്ടേല്‍ രാഷ്‌ട്രീയ പ്രസംഗം നടത്തി എന്നായിരുന്നു കേസ്
പാട്ടീദാര്‍ പ്രക്ഷോഭകാലത്ത് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. ജാംനഗറിലെ ധൂതാപൂര്‍ ഗ്രാമത്തില്‍ പാട്ടീദാര്‍ സമരസമിതി നടത്തിയ പരിപാടിക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് ചില നിബന്ധനകള്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് വച്ചിരുന്നു. വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ മാത്രമെ സംസാരിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയായിരുന്നു അത്. എന്നാല്‍ ഇത് ഹാര്‍ദിക് പട്ടേല്‍ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിന് ഗുജറാത്ത് പൊലീസ് നിയമത്തിലെ 36(എ), 72(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 70 ദിവസങ്ങള്‍ എടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്‌ജി വ്യക്തമാക്കി. പരിപാടിക്ക് അനുമതി ലഭിക്കാനായി ഇത്തരമൊരു നിബന്ധന അംഗീകരിക്കാമെന്ന് ഹാര്‍ദിക് പട്ടേലോ സംഘാടകനോ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.