പൂനെ: ബംഗ്ലാദേശിന് എതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയത് ടീം ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യ ബൗൾ ചെയ്യുന്നതിനിടെ മത്സരത്തിന്‍റെ ഒൻപതാം ഓവറിലാണ് ഹാർദികിന്‍റെ കണങ്കാലിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഓവർ പൂർത്തിയാക്കാതെ ടീം ഫിസിയോയുടെ സഹായത്തോടെയാണ് ഹാർദിക് മൈതാനം വിട്ടത്. പിന്നീട് മൂന്ന് പന്ത് ശേഷിക്കെ വിരാട് കോലിയാണ് ഹാർദികിന്‍റെ ഓവർ പൂർത്തിയാക്കിയത്. ഹാർദിക് പാണ്ഡ്യയെ സ്‌കാനിംഗിനായി കൊണ്ടുപോയെന്നും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും ബിസിസിഐ എക്‌സില്‍ (മുമ്പ് ട്വിറ്റർ) അറിയിച്ചിട്ടുണ്ട്.
പാണ്ഡ്യ കളിച്ചില്ലെങ്കില്‍:ഹാർദിക് പരിക്കേറ്റ് പുറത്തിരുന്നാല്‍ ബാറ്റിങില്‍ ഏഴാം നമ്പറിൽ മികച്ച ഒരു താരത്തെയാണ് ഇന്ത്യയ്ക്ക് നഷ്‌ടമാകുക. അതോടൊപ്പം ഓപ്പണിങ് ബൗളിങില്‍ ബുംറയ്ക്കും സിറാജിനുമൊപ്പം ഹാർദിക്കിനും റോളുണ്ട്. ആദ്യ അഞ്ച് ഓവറിന് ശേഷം ഹാർദികിനെ കൊണ്ടുവന്നാണ് പല മത്സരങ്ങളിലും നായകൻ രോഹിത് ശർമ എതിർ ടീമിന്‍റെ വിക്കറ്റ് വീഴ്‌ത്തിയത്.