കേരളം

kerala

ETV Bharat / bharat

'ഓരോ വീട്ടിലും എല്ലാ ദിവസവും ആയുര്‍വേദം'; ഇന്ന് ദേശീയ ആയുര്‍വേദ ദിനം - ആയുഷ്‌ മന്ത്രാലയം

ദീപാവലിയുടെ മുന്നോടിയായാണ് ധന്വന്തരി ദേവനെ ആരാധിക്കുന്ന ധന്‍തേരസ് ഉത്സവം നടക്കുന്നത്. ആയുര്‍വേദത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ധന്വന്തരിയെ പൂജിക്കുന്ന ഈ ദിവസം ഭാരത സര്‍ക്കാരിന്‍റെ ആയുഷ്‌ മന്ത്രാലയം ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു

Ayurveda Day 2022  Har Din Har Ghar Ayurveda  National Ayurveda Day  October 23 National Ayurveda Day  Ayurveda  ആയുര്‍വേദം  ദേശീയ ആയുര്‍വേദ ദിനം  ധന്‍തേരസ് ഉത്സവം  festival of Dhanteras  Diwali  ധന്വന്തരി  Ministry of AYUSH  ആയുഷ്‌ മന്ത്രാലയം  Lord Dhanvantari
'ഓരോ വീട്ടിലും എല്ലാ ദിവസവും ആയുര്‍വേദം'; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

By

Published : Oct 23, 2022, 11:16 AM IST

ദീപാവലിയുടെ ഭാഗമായുള്ള ആഘോഷമാണ് ധന്‍തേരസ്. ചോട്ടി ദീവാലി എന്നാണ് ധന്‍തേരസ് ഉത്സവം അറിയപ്പെടുന്നത്. ദീപാവലി ആഘോഷത്തിന്‍റെ പ്രധാന ദിവസമായ ലക്ഷ്‌മി പൂജക്ക് മുമ്പാണ് ധന്‍തേരസ് ആഘോഷിക്കുന്നത്.

ആരോഗ്യത്തിന്‍റെയും ആയുര്‍വേദത്തിന്‍റെയും ദേവനായ ധന്വന്തരിയെ ഈ ദിവസം ആരാധിക്കും. വേദങ്ങളില്‍ ധന്വന്തരിയെ ദൈവങ്ങളുടെ വൈദ്യൻ എന്നാണ് വിളിച്ചിരിക്കുന്നത്. ആയുര്‍വേദത്തിന്‍റെ പിതാവായും ധന്വന്തരിയെ കണക്കാക്കുന്നു.

അതിനാല്‍ ധന്‍തേരസ് ഉത്സവദിവസം ആയുര്‍വേദ ദിനമായും ആചരിക്കുന്നു. ഭാരത സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയമാണ് ഈ ദിവസം ആയുര്‍വേദ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്. 'ഹര്‍ ദിന്‍ ഹര്‍ ഘര്‍ ആയുര്‍വേദം' (ഓരോ വീട്ടിലും എല്ലാ ദിവസവും ആയുര്‍വേദം) എന്നതാണ് ഇത്തവണത്തെ പ്രമേയം.

രോഗപ്രതിരോധശേഷി ആയുര്‍വേദത്തിലൂടെ: രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളെ ആയുർവേദത്തെക്കുറിച്ചും ചികിത്സ സമ്പ്രദായങ്ങളെക്കുറിച്ചും അതിന്‍റെ ഗുണങ്ങളെയും തത്വങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും എല്ലാവരെയും ബോധവാന്മാരാക്കുക എന്നതാണ് ആയുര്‍വേദ ദിനത്തിന്‍റെ ലക്ഷ്യം. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആയുര്‍വേദം ഏറെ പ്രചാരമാണ്. പ്രധാനമായും കൊവിഡ് കാലഘട്ടത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരില്‍ ആയുര്‍വേദം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് വൈറസ് ബാധയില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ക്ക് സാധിക്കും എന്നതിനാല്‍ കൊവിഡ് കാലത്ത് രാജ്യത്തിനകത്തും പുറത്തും ആയുര്‍വേദ ഔഷധങ്ങളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഔഷധങ്ങളുടെ ഗുണങ്ങള്‍ മനസിലാക്കിയതോടെ നിരവധി ആളുകള്‍ അവരുടെ നിത്യജീവിതത്തില്‍ ആയുര്‍വേദം ശീലമാക്കിയിട്ടുണ്ട്. ആയുര്‍വേദ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പ്രകാരം, ചിട്ടയായ ഒരു ജീവിത ശൈലി പഠിപ്പിക്കുന്ന വൈദ്യ സമ്പ്രദായമാണ് ആയുര്‍വേദം.

ആയുര്‍വേദം ശീലമാക്കുന്നതിലൂടെ ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതം കൈവരിക്കാനാകും. രോഗത്തിനുള്ള ചികിത്സ മാത്രമല്ല, ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അതുവഴി ശരീരത്തെ ആരോഗ്യമുള്ളതാക്കാനും ഉള്ള വിധി ക്രമങ്ങളും ആയുര്‍വേദത്തില്‍ ഉണ്ട്. അതുകൊണ്ടു തന്നെ മരുന്നുകള്‍, ചിട്ടയായ ഭക്ഷണ ക്രമം, യോഗ, ജീവിത ശൈലി ഇവയെല്ലാം ആയുര്‍വേദ ചികിത്സ രീതികളില്‍ ഉള്‍പ്പെടുന്നു.

മൂന്ന് ദോഷങ്ങളും ആയുര്‍വേദവും: വാത, പിത്ത, കഫ എന്നീ മൂന്ന് ദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആയുര്‍വേദ വൈദ്യശാസ്‌ത്രം. ആയുര്‍വേദ വിധി പ്രകാരം ഒരാളുടെ ശരീരത്തില്‍ ഇവ മൂന്നും സന്തുലിതമാണെങ്കില്‍ അയാള്‍ ആരോഗ്യവാന്‍ ആണ് എന്ന് അര്‍ഥം. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് അസന്തുലിതമാണെങ്കില്‍ അയാള്‍ രോഗിയാകും. ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍ ഈ മൂന്ന് ദോഷങ്ങളെയും സ്വാധീനിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

പ്രകൃതിദത്തമായ ഔഷധങ്ങള്‍: ആയുര്‍വേദത്തില്‍ ശരീരത്തെ ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. രോഗം വരാതിരിക്കാനും രോഗം വന്നാലും ശരീരം ക്ഷീണിക്കാതിരിക്കാനും രോഗി ഉടന്‍ സുഖം പ്രാപിക്കാനും ആയുര്‍വേദം സഹായിക്കും. ആയുര്‍വേദത്തില്‍ ഔഷധമായി ഉപയോഗിക്കുന്ന രസായനം തികച്ചും പ്രകൃതിദത്തമായ ഔഷധ സസ്യങ്ങള്‍ സംയോജിപ്പിച്ച് തയാറാക്കുന്നതാണ്.

പഞ്ചകര്‍മ്മ പോലുള്ള നിരവധി ചികിത്സ രീതികളും ആയുര്‍വേദത്തില്‍ ഉള്‍പ്പെടുന്നു. പൂര്‍ണമായും പ്രകൃതിദത്തമായ ഔഷധസസ്യങ്ങളിൽ നിന്നുള്ള എണ്ണകളും മറ്റുമാണ് ഇത്തരം ചികിത്സകള്‍ക്ക് ഉപയോഗിക്കുന്നത്.

ആയുര്‍വേദ ദിനം: എല്ലാ വർഷവും, ആയുർവേദ വൈദ്യ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2022 സെപ്‌റ്റംബർ മാസത്തിൽ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഒരു ഹ്രസ്വ വീഡിയോ മത്സരം സംഘടിപ്പിച്ചിരുന്നു. 'ആയുർവേദം എന്‍റെ ഒരു ദിവസത്തില്‍', 'ആയുർവേദം എന്‍റെ അടുക്കളയിൽ', 'ആയുർവേദം എന്‍റെ പൂന്തോട്ടത്തിൽ', 'ആയുർവേദം എന്‍റെ കൃഷിയിടത്തില്‍', 'ആയുർവേദം എന്‍റെ ഭക്ഷണക്രമത്തില്‍' എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് വീഡിയോ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചത്. 2016 മുതൽ എല്ലാ വർഷവും ഭാരത സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയം ധന്തേരസ് ഉത്സവം ദേശീയ ആയുർവേദ ദിനമായി ആചരിച്ചുവരുന്നു.

ABOUT THE AUTHOR

...view details