ബോളിവുഡിന്‍റെ സ്വപ്‌ന നായികയാണ് അന്നും ഇന്നും എന്നും രേഖ. ബോളിവുഡിന്‍റെ 'ഐസ് ക്വീൻ' എന്നും അറിയപ്പെടുന്ന രേഖയ്‌ക്ക് ഇന്ന് 69-ാം പിറന്നാളാണ് (Rekha Birthday). ഈ പ്രായത്തിലും ട്രെൻഡ് സെറ്റർ ആയി തുടരാൻ രേഖയ്‌ക്ക് കഴിയുന്നു.
ബാലതാരമായാണ് രേഖയുടെ സിനിമാലോകത്തേക്കുള്ള വരവ്. ഒട്ടും എളുപ്പമായിരുന്നില്ല ബോളിവുഡിന്‍റെ താരറാണി പട്ടത്തിലേക്കുള്ള രേഖ എന്ന ബാനുരേഖ ഗണേശന്‍റെ യാത്ര. ഭാഷ ഉൾപ്പടെ പലതും വെല്ലുവിളിയായി മുന്നിൽ എത്തിയെങ്കിലും അവയെല്ലാം അതിജീവിക്കാൻ അവർക്കായി. സൗന്ദര്യം മാത്രമല്ല വേറിട്ട അഭിനയപാടവവും രേഖയുടെ കൈമുതലാണ്.
വിഖ്യാത നടൻ ജെമിനി ഗണേശന്‍റെയും നടി പുഷ്‌പവല്ലിയുടെയും മകളായ രേഖ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് വളർന്നത്. പിന്നീട് ബോളിവുഡിനെ അടക്കിവാണ സൂപ്പർ നായികയിലേക്ക്. എണ്ണമറ്റ ചിത്രങ്ങളിലെ അസാമാന്യ പ്രകടനത്തിന് അംഗീകാരങ്ങൾ തേടിയെത്തിയത് പലതവണ.
പല ഐതിഹാസിക ഓൺ - സ്‌ക്രീൻ ജോഡികൾക്കും അവരുടെ രസകരമായ കെമിസ്‌ട്രിക്കും കാലാതീതമായി സാക്ഷ്യം വഹിക്കാറുണ്ട് ബോളിവുഡ്. എന്നാൽ പ്രേക്ഷകരിൽ എക്കാലവും മായാത്ത മുദ്രകൾ അവശേഷിപ്പിക്കുന്നവർ വിരളമായിരിക്കും. അത്തരത്തിൽ സിനിമാപ്രേമികളുടെ ഏറെ പ്രിയപ്പെട്ട ജോഡി ആയിരുന്നു രേഖയും സാക്ഷാൽ അമിതാഭ് ബച്ചനും. ഇവരുടെ കെമിസ്‌ട്രിയും ആരെയും ആകർഷിക്കുന്ന പ്രകടനവും തന്നെയാണ് ഇരുവരെയും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ജോഡികളിലൊന്നാക്കി മാറ്റിയത് (Iconic on-screen couple Rekha and Amitabh Bachchan).
ഓൺ - സ്‌ക്രീനിൽ രേഖ- ബച്ചൻ കൂട്ടുകെട്ടിന്‍റെ 'മാജിക്' ആഘോഷമാക്കിയ, അവരുടെ ഏറ്റവും അവിസ്‌മരണീയമായ ചില സിനിമകളിലൂടെ നമുക്ക് ഒരുമിച്ച് ഒരു യാത്ര നടത്താം (Rekha Birthday Special Revisiting her movies with Amitabh Bachchan).
- ദോ അഞ്ജാനെ (Do Anjaane - 1976)
രേഖ - അമിതാഭ് ജോഡിയ്‌ക്ക് തുടക്കം കുറിച്ച ചിത്രമാണ് 'ദോ അഞ്ജാനെ'. ദുലാൽ ഗുഹ (Dulal Guha) സംവിധാനം ചെയ്‌ത ഈ ചിത്രം ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണകളുടെയും അവർ നേരിടുന്ന ജീവിത പരീക്ഷണങ്ങളുടെയും കഥയാണ് പറയുന്നത്. രേഖയുടെയും അമിതാഭിന്‍റെയും അസാധാരണമായ രസതന്ത്രത്തെ അടിവരയിട്ട ഈ ചിത്രം വരും കാലങ്ങളിലും വെള്ളിത്തിരയിൽ ഇരുവരും അത്ഭുതം വിരിയിക്കുമെന്ന സൂചനയും പ്രേക്ഷകർക്ക് നൽകിയിരുന്നു.
- മുഖദ്ദർ കാ സിക്കന്ദർ (Muqaddar Ka Sikandar - 1978)
പ്രകാശ് മെഹ്‌റയുടെ (Prakash Mehra) സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മുഖദ്ദർ കാ സിക്കന്ദർ'. ത്രികോണ പ്രണയകഥ പ്രമേയമാക്കിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്‌ചവച്ചത്. അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ സിനിമകളിൽ ഒന്ന് കൂടിയാണ് 'മുഖദ്ദർ കാ സിക്കന്ദർ'. സെക്‌സ് വർക്കർ ആയാണ് രേഖ ഈ ചിത്രത്തിൽ വേഷമിട്ടത്. സിക്കന്ദർ എന്ന ടൈറ്റിൽ കഥാപാത്രത്തിന് അമിതാഭ് ബച്ചൻ ജീവൻ നൽകി.
- ഗംഗ കി സൗഗന്ധ് (Ganga Ki Saugandh - 1978)