തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്‌വാനിയുടെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വ്യവസായി സൊഹൈല്‍ ഖതൂരിയയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ താരം. ഗ്രീസില്‍ ബ്രൈഡല്‍ ഷവര്‍ ആഘോഷിക്കുകയാണ് ഹന്‍സിക.
ബ്രൈഡല്‍ ഷവര്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ബെസ്‌റ്റ് ബാച്ചിലറൈറ്റ് എവര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം വീഡിയോ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്‌ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടുവയ്‌ക്കുന്ന ഹന്‍സികയെയാണ് വീഡിയോയില്‍ കാണാനാവുക.
ഹന്‍സികയുടെ വീഡിയോയ്ക്ക് സൊഹൈലിന്‍റെ കമന്‍റുമെത്തി. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ വധു' -എന്നാണ് ഹന്‍സികയുടെ വീഡിയോയ്ക്ക് താഴെ സൊഹൈല്‍ കുറിച്ചിരിക്കുന്നത്.
തന്‍റെ വിവാഹ ഷോപ്പിങ്ങില്‍ നിന്നുള്ള രസകരമായ ഒരു പോസ്‌റ്റും ഹൻസിക നേരത്തെ പങ്കുവച്ചിരുന്നു. ഷോപ്പിങ് കഴിഞ്ഞ് തന്‍റെ ഹാന്‍ഡ് ബാഗിലേയ്‌ക്ക് നോക്കി നിലത്തിരിക്കുന്ന ഹന്‍സികയുടെ ചിത്രമാണ് താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്. 'എന്‍റെ വിവാഹ ലെഹങ്കക്കായുള്ള തുക കണ്ടെത്തുന്നു' -എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചത്. ഈ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഹന്‍സികയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ വച്ചായിരുന്നു സൊഹൈല്‍ ഖതൂരിയ ഹന്‍സികയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. ഇതിന്‍റെ ഒരു കൂട്ടം ചിത്രങ്ങള്‍ ഹന്‍സികയാണ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. 'എന്നെ വിവാഹം കഴിക്കൂ' എന്ന് പൂക്കൾ ഉപയോഗിച്ച് നിർമിച്ച വാക്കുകളുമായി വിവാഹാഭ്യര്‍ഥന നടത്തിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ കാണാമായിരുന്നു.
Also Read:ഹന്‍സികയെ പ്രൊപ്പോസ് ചെയ്‌ത് സൊഹൈല്‍; ചിത്രം പങ്കുവച്ച് താരം
കുറച്ചുകാലമായി ഹൻസികയും സൊഹൈല്‍ ഖതൂരിയയും നല്ല സുഹൃത്തുക്കളാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു സംരംഭകനാണ് സൊഹൈൽ. ഹന്‍സികയുടെ തന്നെ ബിസിനസ് പങ്കാളിയാണ് സൊഹൈല്‍. ഡിസംബര്‍ 4ന് ജയ്‌പൂരില്‍ വച്ചാണ് ഹന്‍സികയുടെയും സൊഹൈലിന്‍റെയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.