ചെന്നൈ: ഹംബന്തോട്ട തുറമുഖം സംബന്ധിച്ച് സംസ്ഥാനത്തെ ചില എൽടിടിഇ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള തീവ്ര തമിഴ് ഗ്രൂപ്പുകളിൽ നിന്ന് നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളിൽ ജാഗ്രത പുലർത്തി തമിഴ്‌നാട് പൊലീസ്. പ്രതിഷേധത്തെക്കുറിച്ച് സംസ്ഥാനത്തെ 37 ജില്ല പൊലീസ് മേധാവികൾക്കും തമിഴ്‌നാട് ഡിജിപി മുന്നറിയിപ്പ് നൽകി.
ഹംബന്തോട്ട തുറമുഖത്തിന്‍റെ പൂർണ നിയന്ത്രണം ചൈനക്കാർക്ക് വിട്ടുനൽകാനുള്ള കൊളംബോ പോർട്ട് സിറ്റി ഇക്കണോമിക് കമ്മീഷൻ ബിൽ ശ്രീലങ്കൻ സർക്കാർ പാസാക്കിയിരുന്നു. എന്നാൽ പുതിയ നിയമം ചൈനയ്ക്ക് വളരെയധികം നിയന്ത്രണാധികാരം നൽകുമെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നും ഉന്നയിച്ച് ശ്രീലങ്കയ്ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
എന്നാൽ പുതിയ നീക്കം ശ്രീലങ്കക്ക് ആവശ്യമായ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സർക്കാർ ഇത് നിഷേധിച്ചു. 2017ലാണ് ശ്രീലങ്ക ഹംബന്തോട്ടയെ 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറാനുള്ള പാട്ടക്കരാറില്‍ ഒപ്പിട്ടത്.