ലഖ്‌നൗ :ഹജ്ജ് തീർഥാടനത്തിന്‍റെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ശനിയാഴ്‌ച ദേശീയ ഹജ്ജ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഒരു ലക്ഷം രൂപയാണ് തീർഥാടന ചെലവിൽ നിന്ന് വെട്ടിക്കുറച്ചത്.
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്‌മൃതി ഇറാനിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഹജ്ജ് തീർഥാടകരുടെ താൽപര്യം മുൻനിർത്തി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടതായി ഉത്തർപ്രദേശ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ മൊഹ്‌സിൻ റാസ മാധ്യമങ്ങളോട് പറഞ്ഞു.
ഹജ്ജ് തീർഥാടകരുടെ പ്രായപരിധി 65 വയസ് എന്നത് എടുത്തുമാറ്റിയ സൗദി അറേബ്യ സർക്കാരിന്‍റെ തീരുമാനം യോഗത്തില്‍ റാസ അറിയിച്ചു. ഹജ്ജ് കമ്മിറ്റികളുടെ സഹായത്തോടെ രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ സൗകര്യമൊരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്‌ത്രീകളുടെ ഉന്നമനത്തിനായി ഹജ്ജ് ഹൗസ് ഉപയോഗിക്കും.
ഹജ്ജ് തീർഥാടകരായ വനിതകൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി വനിത കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഏറ്റവും കൂടുതൽ തീർഥാടകരുള്ള ഉത്തർപ്രദേശിന് കൂടുതൽ ക്വാട്ടയും കേന്ദ്രം അനുവദിച്ചു.