ചെന്നൈ:തമിഴ്‌നാട്ടില്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിന്‍റെ സ്ഥാനാർത്ഥി ഇവികെഎസ് ഇളങ്കോവനു വേണ്ടി പ്രചാരണത്തിനെത്തുമെന്ന് കമല്‍ഹാസൻ തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കമൽഹാസൻ അറിയിച്ചു. 2018 ൽ മക്കൾ നീതി മയ്യം (എംഎൻഎം) രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കമൽഹാസൻ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയെ പിന്തുണക്കുന്നത്.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പുൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും മക്കൾ നീതി മയ്യം സ്വന്തം നിലയ്ക്കാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന്‍റെ ഭരണത്തിന്‍റെ വിലയിരുത്തലായാകും ഉപതെരഞ്ഞെടുപ്പ് ഫലത്തെ തമിഴ്‌നാട് രാഷ്ട്രീയം വിലയിരുത്തുന്നത്. അതിനാല്‍ കമല്‍ഹാസന്‍റെ പുതിയ നീക്കത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ശക്തമായ പോരിന് ഈറോഡ് ഈസ്റ്റ്: കോൺഗ്രസ് നേതാവ് ഇളങ്കോവൻ, എഐഎഡിഎംകെയുടെ കെഎസ് തെന്നരസ് എന്നിവരാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. സീമാന്‍റെ നാം തമിഴർ പാർട്ടിയും നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ സ്ഥാനാർത്ഥിയും ശക്തമായി മത്സരരംഗത്തുണ്ട്. ഇളങ്കോവന് വേണ്ടി അഞ്ച് സ്ഥലങ്ങളിൽ കമൽഹാസൻ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യവും ബിജെപിയും നേടിയ വോട്ടുകൾ ഇത്തവണ ആർക്ക് അനുകൂലമാകും എന്നതിനെ ആശ്രയിച്ചാകും മണ്ഡലത്തിലെ ജയ പരാജയങ്ങൾ നിശ്‌ചയിക്കുക. പാർട്ടിയില്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഒറ്റമനസോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി പിന്തുണയും എഐഎഡിഎംകെയ്ക്കാണ്. അതുകൊണ്ടുതന്നെ മന്ത്രിമാരെ അടക്കം രംഗത്ത് ഇറക്കിയാണ് ഡിഎംകെ പ്രചാരണം നയിക്കുന്നത്.
സ്ഥാനാർഥികൾ അതിശക്തർ: മുൻ കേന്ദ്ര സഹമന്ത്രിയും തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷനുമായ ഇവികെഎസ് ഇളങ്കോവനാണ് ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് സഖ്യത്തിന്‍റെ സ്ഥാനാർത്ഥി. ഇളങ്കോവന്‍റെ മകൻ തിരുമകൻ ഇവേരയായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. എംഎല്‍എയായിരിക്കെ 2023 ജനുവരിയില്‍ 46-ാം വയസില്‍ ഹൃദയാഘാതത്തെ തുടർന്നാണ് തിരുമകൻ ഇവേര അന്തരിച്ചത്. അങ്ങനെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അതേസമയം, 2016ല്‍ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായ അണ്ണാഡിഎംകെ നേതാവ് കെഎസ് തെന്നരസാണ് ഇത്തവണ വീണ്ടും മത്സരിക്കുന്നത്. മണ്ഡലത്തില്‍ തെന്നരസിനുള്ള ബന്ധങ്ങളാണ് എഐഎഡിഎംകെയുടെ പ്രതീക്ഷ. ശക്തരായ സ്ഥാനാർഥികളും മുന്നണി രാഷ്ട്രീയവും ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നുണ്ട്.