വാരാണസി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ മൂന്ന് ദിവസം നീണ്ട വീഡിയോഗ്രാഫി സർവേ അവസാനിച്ചപ്പോൾ ശിവലിഗം കണ്ടെത്തിയെന്ന അവകാശവാദവുമായി കേസിലെ ഹർജിക്കാരനായ സോഹൻലാല്‍ ആര്യ. സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയതിന് കൃത്യമായ തെളിവ് ലഭിച്ചതായും കോടതി നിയോഗിച്ച കമ്മിഷനെ അനുഗമിച്ച ആര്യ പറഞ്ഞു.
സമുച്ചയത്തില്‍ ശിവലിംഗം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായും സർവേയില്‍ അതിനുള്ള തെളിവ് ലഭിച്ചപ്പോൾ പ്രദേശത്ത് നിന്ന് ഹർ ഹർ മഹാദേവ് എന്ന പ്രതിധ്വനി ഉയർന്നതായും പരാതിക്കാരനായ സോഹൻലാല്‍ ആര്യ അവകാശപ്പെട്ടു. പള്ളി അധികൃതരുടെ എതിർപ്പ് അവഗണിച്ച് സർവേ തുടരണമെന്ന വാരാണസി സിവിൽ കോടതിയുടെ നിർദേശപ്രകാരമാണ് സർവേ നടത്തിയത്. സർവേ അവസാനിച്ചതിന് ശേഷം "ശിവലിംഗം കണ്ടെത്തിയ പ്രദേശം സീൽ ചെയ്യാനും ആളുകൾ സ്ഥലത്തേക്ക് പോകുന്നത് തടയാനും" വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മയോട് വാരാണസി കോടതി ഉത്തരവിട്ടു.
സീൽ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ ചുമതല ഡിഎം, പൊലീസ് കമ്മിഷണർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡന്റ് വാരാണസി എന്നിവർക്കായിരിക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. മൂന്ന് ദിവസത്തെ സർവേയിൽ സഹകരിച്ചതിന് കാശിയിലെ ജനങ്ങൾക്ക് വാരണസി പൊലീസ് കമ്മിഷണർ സതീഷ് ഗണേഷ് നന്ദി പറഞ്ഞു, "ഞങ്ങൾ എല്ലാവരുമായും സംസാരിക്കുകയും കോടതിയുടെ ഉത്തരവ് പാലിക്കേണ്ടത് പ്രധാനമാണെന്ന സമവായത്തിലുമെത്തി. ജനങ്ങളുടെ തെറ്റിദ്ധാരണകൾ നീക്കി പ്രവർത്തിക്കുകയും ചെയ്തതായും കമ്മിഷണർ പറഞ്ഞു.