വാരണാസി:ഗ്യാൻവാപി കേസിൽ വാരണാസി ജില്ല കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള മസ്‌ജിദ് കമ്മിറ്റി തീരുമാനം സ്വാഗതാർഹമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം. സാമുദായിക സൗഹാര്‍ദവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും ആരാധനാലയങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി 1991ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ആരാധനാലയ നിയമത്തെ കോടതി അവഗണിച്ചുവെന്ന് പിഎഫ്ഐ ചെയർമാൻ ആരോപിച്ചു.
ബാബറി മസ്‌ജിദിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ മതപരമായ സ്വത്തുക്കളിൽ സാമുദായിക രാഷ്ട്രീയം തടയാനാണ് ഈ നിയമം പാസാക്കിയത്. ഗ്യാൻവാപി പള്ളിയില്‍ ഹിന്ദുമത ആരാധനയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള ഹർജി ദുരുദ്ദേശത്തോടെയുള്ളതാണെന്നും ഒഎംഎ സലാം ആരോപിച്ചു. പുതിയ ഉത്തരവ് പ്രകാരം ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിൽ ആരാധന നടത്താൻ അനുമതി നൽകിയാൽ അത് ന്യൂനപക്ഷ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ഫാസിസ്റ്റ് അജണ്ടയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി സംരക്ഷിക്കാൻ മസ്‌ജിദ് കമ്മിറ്റി നടത്തുന്ന സമരത്തിന് പോപ്പുലർ ഫ്രണ്ട് പിന്തുണ നൽകുമെന്നും ജില്ല കോടതിയുടെ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള മസ്‌ജിദ് കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിലകൊള്ളുമെന്നും പിഎഫ്‌ഐ ചെയർമാന്‍ വ്യക്തമാക്കി. ഒരു വിഭാഗം ആളുകൾ മറ്റ് വിഭാഗങ്ങളുടെ മതസ്ഥലങ്ങളിലും സ്വത്തുക്കളിലും അവകാശവാദമുന്നയിക്കുന്ന അപകടകരമായ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്.
നിർഭാഗ്യവശാൽ കോടതി വിശാല സമീപനത്തോടെയുള്ള വിധിയല്ല പ്രസ്‌താവിച്ചത്. ഇന്ത്യൻ സമൂഹത്തിൽ ധ്രുവീകരണം സൃഷ്‌ടിക്കാൻ ഫാസിസ്റ്റുകൾ ബാബറി മസ്‌ജിദിനെ ഉപയോഗിച്ചു. ഇത് രാജ്യത്തുടനീളം നിരവധി ജീവനുകൾ നഷ്‌ടപ്പെടുത്തി. ഗ്യാന്‍വാപി പള്ളി കേസിലെ വിധി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ സമാനമായ തെറ്റായ അവകാശവാദങ്ങളും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും പിഎഫ്ഐ ചെയർമാൻ പറഞ്ഞു.