ന്യൂഡൽഹി:ഗ്യാന്‍വാപി മസ്‌ജിദില്‍ നമസ്‌കാരത്തിനായി 'വുദു' (Wudu - അംഗശുദ്ധിവരുത്തല്‍) നടത്താനുള്ള സൗകര്യം ഉറപ്പുവരുത്തി സുപ്രീം കോടതി. നമസ്‌കാരത്തിനായി എത്തുന്ന വിശ്വാസികള്‍ക്ക് 'വുദു' ചെയ്യാന്‍ മതിയായ ജലസൗകര്യം ജില്ല ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് വുദു നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
'ഗ്യാന്‍വാപി മസ്‌ജിദില്‍ വുദുവിനുള്ള സൗകര്യമൊരുക്കി'; നിര്‍ദേശം നടപ്പാക്കിയെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കിയെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലാണ് അറിയിച്ചത്
ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ജില്ല ഭരണകൂടവും മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റിയും ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതിനുവേണ്ടി സൗകര്യമൊരുക്കാന്‍ തീരുമാനമായത്. 'വുദു' നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമൻ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റി ഓഫ് മാനേജ്‌മെന്‍റാണ് ഹര്‍ജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് പിഎസ് നരസിംഹയും അടങ്ങുന്ന ബഞ്ചാണ് ഇക്കാര്യത്തില്‍ തീർപ്പാക്കിയത്.
ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് നിന്ന് 70 മീറ്റർ അകലെ ജില്ല കലക്‌ടര്‍ ഇടപെട്ട് ശുചിമുറിക്കായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ബഞ്ചിനോട് പറഞ്ഞു. അവർ പള്ളിക്കെട്ടിടത്തിന് സമീപം ശുചിമുറികള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഉള്ളിൽ അങ്ങനെയുള്ള സൗകര്യമൊരുക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വെള്ളം നിറച്ച ഡ്രമ്മുകൾ പള്ളിക്ക് സമീപത്ത് ലഭ്യമാണെന്ന് ജില്ല ഭരണകൂടം ഉറപ്പുവരുത്തുമെന്നും മേത്ത പറഞ്ഞു. അംഗശുദ്ധിവരുത്താനുള്ള സൗകര്യവും ശുചിമുറികളും സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഏപ്രിൽ 18ന് യോഗം വിളിക്കാനാണ് ജില്ല ഭരണകൂടത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.