വാരണാസി : ഗ്യാന്‍വാപി - ശൃംഖാര്‍ വിഷയം പരിഗണിക്കുന്ന വാരണാസി കോടതി കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് മെയ് 23 ലേക്ക് മാറ്റി. വെള്ളിയാഴ്‌ചവരെ വിഷയവുമായി മുന്നോട്ട് പോകരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് കേസില്‍ ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. കേസിന്‍റെ ഭാഗമായി ഇരു കക്ഷികളും ഇന്ന് കോടതിയില്‍ തങ്ങളുടെ വാദങ്ങളും, എതിര്‍ വാദങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് കേസുകളാണ് ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ളത്. ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തിന്‍റെ കിഴക്ക് ഭാഗത്തായുള്ള ഭിത്തിയില്‍ ഇഷ്‌ടികയും കല്ലും ഉപയോഗിച്ച് മൂടിയ ഒരു അറയുണ്ടെന്ന് ചൂണ്ടിക്കാട്ടി രേഖ പഥക്, മഞ്ജു വ്യാസ്, സീത സാഹു എന്നിവരാണ് ഹിന്ദു സേനയ്‌ക്കായി കോടതിയില്‍ ചൊവ്വാഴ്‌ച ഹര്‍ജി സമര്‍പ്പിച്ചത്. സ്ഥലത്തെ കുളത്തിൽ നിന്ന് മത്സ്യം നീക്കം ചെയ്യണമെന്നും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണെന്നും ആവശ്യപ്പെട്ട് ജില്ല സർക്കാർ അഭിഭാഷകനായ മഹേന്ദ്ര പാണ്ഡെയാണ് മറ്റൊരു അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.