പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) : ഗ്യാൻവാപി മസ്‌ജിദിൽ ആർക്കിയോളജി വകുപ്പിന്‍റെ സർവേ അനുവദിച്ചുകൊണ്ടുള്ള വാരണാസി കോടതിയുടെ ഉത്തരവില്‍ ഹിന്ദു പക്ഷത്തെ രാഖി സിംഗ് അലഹബാദ് ഹൈക്കോടതിയിൽ കേവിയറ്റ് ഹർജി സമർപ്പിച്ചു. അഭിഭാഷകനായ സൗരഭ് തിവാരി മുഖേനയാണ് ഇ-ഫയലിംഗിലൂടെ കേവിയറ്റ് ഹർജി സമർപ്പിച്ചത്. ഒരു കോടതിയുടെ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളപ്പോഴാണ് കേവിയറ്റ് സമർപ്പിക്കുന്നത്.
ശൃംഗർ ഗൗരി സ്ഥല കേസിലെ പ്രധാന ഹർജിക്കാരി കൂടിയായ രാഖി സിംഗ് ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിലെ എഎസ്‌ഐ സർവേയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജൂലൈ 21ലെ വാരണാസി കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ഗ്യാൻവാപി മസ്‌ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റി അഞ്ജുമാൻ ഇന്‍റസാമിയ മസാജിദ്, കോടതിയെ സമീപിച്ചാൽ കേവിയറ്റ് ഹർജിക്കാരന്‍റെ വാദം കേൾക്കാതെ വിധി പറയരുതെന്ന് അലഹബാദ് ഹൈക്കോടതിയെ രാഖി സിംഗ് അറിയിച്ചു. ബഹുമാനപ്പെട്ട കോടതി ഉചിതമാണെന്ന് കരുതുന്ന മറ്റ് ഉത്തരവുകൾ പാസാക്കുന്നതിന് മുമ്പ്, തന്നെ കേൾക്കാൻ അവസരം നൽകണമെന്നും ഹർജിയിൽ പറയുന്നു.
സർവേ തടഞ്ഞ് സുപ്രീംകോടതി : ഗ്യാന്‍വാപി മസ്‌ജിദില്‍ ആര്‍ക്കിയോളജി വകുപ്പിന്‍റെ സര്‍വേ തടഞ്ഞ് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്‌ച വൈകിട്ട് 5 മണി വരെ സര്‍വേ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ജില്ല കോടതിയുടെ ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കാം.
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്‌ജിദ് ക്ഷേത്രത്തിനുമേൽ പണിതതാണോ എന്നറിയാനാണ് സർവേ നടത്തുന്നത്. വെള്ളിയാഴ്‌ചയാണ് ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ വാരണാസി ജില്ല കോടതി, അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ഇന്നലെ രാവിലെ സര്‍വേ ആരംഭിക്കുകയും ചെയ്‌തു. ജിപിആര്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഇതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.