ന്യൂഡല്‍ഹി :ഉറക്കത്തില്‍ നമ്മള്‍ എങ്ങിനെ ശ്വസിക്കുന്നുവെന്ന് പൊതുവേ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മുടെ ഓര്‍മ്മയും ഉറക്കത്തിലെ ശ്വാസോച്ഛാസവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സമീപ കാല പഠനം. നമ്മുടെ തലച്ചോറില്‍ ഓര്‍മ്മകള്‍ ക്രോഡീകരിക്കുന്നതില്‍ ഉറക്കത്തിലെ ശ്വാസോച്ഛ്വാസത്തിന് വലിയ പങ്കുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഉറക്കത്തിലെ താളക്രമം തലച്ചോറിനെ ഉത്തേജിപ്പിച്ച് വിശ്രമ വേളകളില്‍ ഓര്‍മ്മകളെ ഉണര്‍ത്തി വിടുന്നുവെന്ന് നേരത്തേ തന്നെ പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. ഈ താളക്രമം ശ്വാസോച്ഛ്വാസത്തിന്‍റേതാണെന്നാണ് ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്.
"ഉണര്‍ന്നിരിക്കുമ്പോഴത്തെ ശ്വാസ ഉഛ്വാസവും തിരിച്ചറിയല്‍ ശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തേ നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതില്‍ ഉറക്കത്തിനിടയിലെ ശ്വാസോച്ഛാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി." -ഗവേഷണത്തിന് നേതൃത്വം നല്‍കിയ തോമസ് ഷ്രെയ്‌നര്‍ പറയുന്നു.
20 പേരെ വെച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്.ഏതാനും വാക്കുകളുമായി ബന്ധപ്പെട്ടുള്ള 120 ചിത്രങ്ങള്‍ നല്‍കിയ ശേഷമാണ് ഇവരുടെ ഓര്‍മ്മ ശക്തി പരിശോധിച്ചത്. രണ്ടു ഘട്ടങ്ങളിലായി ചിത്രങ്ങളും വാക്കുകളും നല്‍കിയ ശേഷം ലാബില്‍ത്തന്നെ ഇവരെ രണ്ട് മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിച്ചു. ഈ സമയത്ത് ശാസ്ത്രജ്ഞര്‍ അവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ശ്വാസോച്ഛ്വാസവും നിരീക്ഷിച്ചു. ഉണര്‍ന്നപ്പോള്‍ ഇവരോട് ചിത്രത്തെയും ആ വാക്കുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉറക്കത്തില്‍, അവര്‍ നേരത്തെ കണ്ട കാര്യങ്ങള്‍ തലച്ചോറില്‍ ഉണര്‍ന്നിരിക്കുന്നുവെന്ന് ഈ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കാനായി. നല്ല ഓര്‍മ്മശക്തിക്ക് നല്ല ഉറക്കം അത്യന്താപേക്ഷിതമാണെന്ന നിഗമനത്തിലേക്കാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.