ഗുരുഗ്രാം:ഹരിയാനയിലെ ഗുരുഗ്രാമില്‍(Gurugram) 22 കാരിയായ യുവതിയെ കൊലപ്പെടുത്തി മാതാപിതാക്കളും സഹോദരനും. സുർഹേതി ഗ്രാമവാസിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന(Suspected honor killing) കേസിൽ പ്രതികളായ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
അഞ്ജലിയുടെ അച്ഛൻ കുൽദീപ് (44), അമ്മ റിങ്കി (42), സഹോദരൻ കുനാൽ (20) എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനാണ് അഞ്ജലിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ മൂവരെയും വെള്ളിയാഴ്‌ച (ഓഗസ്റ്റ് 18) ജജ്ജാർ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസത്തെ കസ്റ്റഡിയിൽ അയക്കുകയും ചെയ്‌തതായി പൊലീസ്(Police) അറിയിച്ചു.
അഞ്ജലിയുടെ ഭർത്താവ് സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഞ്ജലി ഒരു പബ്ബിൽ ജോലി ചെയ്‌തുവരുന്ന സന്ദീപിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് സെക്‌ടർ 102ലെ വാടക ഫ്‌ളാറ്റിൽ താമസിച്ച് വരികയായിരുന്നു ഇവർ.
എന്നാൽ വ്യാഴാഴ്‌ച താൻ വീട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കളും സഹോദരനും ചേർന്ന് അഞ്ജലിയെ കൊലപ്പെടുത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു എന്ന് സന്ദീപ് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെ, സന്ദീപിന്‍റെ സുഹൃത്ത് വിളിച്ച് അഞ്ജലി മരിച്ചുവെന്നും കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ ഗ്രാമമായ സുർഹേതിയിൽ നടത്തുകയാണെന്നും പറയുകയായിരുന്നു. വിവരമറിഞ്ഞ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ പൂട്ടിയിട്ടിരിക്കുന്നതായാണ് കണ്ടതെന്നും സന്ദീപ് പറയുന്നു.