ഗുരുഗ്രാം (ഹരിയാന) : ജൂലൈ 31ന് നുഹിലും ഗുരുഗ്രാമിലും രണ്ട് ഹോം ഗാർഡുകൾ ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയാക്കിയ അക്രമസംഭവങ്ങളില്‍ 176 പേരെ അറസ്റ്റ് ചെയ്‌ത് ഹരിയാന പൊലീസ്. നുഹിൽ 46, ഫരീദാബാദിൽ മൂന്ന്, ഗുരുഗ്രാമിൽ 23, രേവാരിയിൽ മൂന്ന്, പൽവാളിൽ 18 എന്നിങ്ങനെ ആകെ 93 എഫ്‌ഐആറുകൾ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നുഹ്, പൽവാൽ, ഫരീദാബാദ്, മനേസർ, സോഹ്ന, പട്ടൗഡി എന്നിവിടങ്ങളിൽ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി ഹരിയാന സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
നുഹിലും ഗുരുഗ്രാമിലും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഹരിയാന സർക്കാർ നടപടി ആരംഭിക്കുകയും 250 ഓളം വസ്‌തുവകകൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ കുടിയേറുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്ത് സംഭവിക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍ തങ്ങള്‍ കഴിയുന്നത് എന്ന് കുടിയേറിയവർ പറയുന്നു.
നുഹിലെ അക്രമത്തിന് ശേഷം ഗുരുഗ്രാമിൽ നിന്ന് മുസ്‌ലിം കുടുംബങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഷീറ്റ്‌ല കോളനി, ന്യൂ പാലം വിഹാർ, ബാദ്‌ഷാപൂർ എന്നിവയുൾപ്പടെയുള്ള ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങൾ അവിടങ്ങളില്‍ നിന്നും മാറി. പ്രദേശങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ബാർബർ ഷോപ്പുകളും ടയർ പഞ്ചർ ഷോപ്പുകളും ഉൾപ്പടെ മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ ക്യാബുകൾ, ഓട്ടോകൾ, ഇ-റിക്ഷകൾ എന്നിവയുടെ എണ്ണവും കുറഞ്ഞു.