അസം : ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 9 പേർക്ക് വെടിയേറ്റു. സഗോൾമാംഗ് പൊലീസ് സ്റ്റേഷന് കീഴിലുള്ള നോങ്സം ഗ്രാമത്തിലാണ് കുക്കി തീവ്രവാദികളും ഗ്രാമ സന്നദ്ധപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്‌ച രാവിലെ 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടു.
കുക്കി തീവ്രവാദികൾ നോങ്‌സം ഗ്രാമത്തിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കാംഗ്‌പോപി ജില്ലയിലെ സൈകുൽ സബ് ഡിവിഷനിലെ ഖമെൻലോക് ഗ്രാമത്തിൽ തിങ്കളാഴ്‌ച കുക്കി തീവ്രവാദികളുമായുള്ള വെടിവയ്‌പിൽ ഒമ്പത് ഗ്രാമ സന്നദ്ധ പ്രവർത്തകർക്ക് വെടിയേറ്റുവെന്ന് ഇംഫാൽ ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്‌തു. പരിക്കേറ്റ ഒൻപത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഫാലിലെ രാജ് മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മണിപ്പൂർ ഗവർണർ അനുസൂയ യുകെ ബിഷ്‌ണുപൂരിലെ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിതബാധിതരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ സർക്കാർ ഊർജിതമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ ഉറപ്പ് നൽകി.
മണിപ്പൂർ കലാപം : മണിപ്പൂരിൽ ഏതാനും ആഴ്‌ചകളായി സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. മെയ് മാസം മൂന്നാം തിയതി പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്‌തീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘർഷം വലിയ പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നു. ഭൂരിപക്ഷ വിഭാഗമായ മെയ്‌തീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ വിമര്‍ശനങ്ങള്‍ കലാപത്തിലേക്ക് നീങ്ങി.