ജയ്‌പൂര്‍: മരണത്തെ തോല്‍പിച്ച് ജീവിതത്തിലേക്ക് നടന്നുകയറിയവളാണ് ഗുലാബോ. കല്‍ബേലിയ എന്ന നൃത്ത രൂപത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ഗുലാബോയെക്കുറിച്ച് ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.പെണ്‍കുട്ടി ആയതിനാല്‍ കൊല്ലപ്പെടും എന്ന നിലയില്‍ നിന്ന് അച്ഛന്‍ നല്‍കിയ പിന്തുണയാല്‍ ജീവിതം തിരിച്ചു പിടിച്ചവളാണവള്‍. സമൂഹം അടിച്ചേല്‍പ്പിച്ച പ്രയാസങ്ങളൊക്കെയും ചവിട്ടിക്കയറിയവള്‍. ഗുലാബോയെന്ന നര്‍ത്തകിയെക്കുറിച്ചാണ് നമ്മള്‍ പറഞ്ഞു വരുന്നത്. വളരെയധികം പ്രയാസം നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു അവളുടേത്. അച്ഛനോടൊപ്പം പാമ്പാട്ടിയായി വരെ അവള്‍ ജോലി ചെയ്‌തു. എന്നാല്‍ കാലം അവള്‍ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. കല്‍ബേലിയ നര്‍ത്തകിയായി ലോകം മുഴുവന്‍ പ്രശസ്‌തയായ അവളുടെ ജീവിതം വരും തലമുറകള്‍ക്കെല്ലാം പ്രചോദനമാണ്.
മരണത്തെ തോല്‍പ്പിച്ച് നൃത്തം ജീവിതമാക്കിയ ഗുലാബോ രാജസ്ഥാനിലെ അജ്‌മീറിലുള്ള കോട്ടയിൽ 1970 നവംബർ ഒമ്പതിനാണ് ഗുലാബോയുടെ ജനനം. ധന്‍തേര ദിനത്തില്‍ ജനിച്ചതിനാല്‍ ഗുലാബോയ്ക്ക് ധൻവന്തി എന്നായിരുന്നു ആദ്യം പേരിട്ടത്. എന്നാല്‍ യാഥാസ്ഥിതിക സമൂഹം അവളെ ജീവനോടെ കുഴിച്ചിട്ടു. അമ്മയും സഹോദരിയുമാണ് കുഴിയില്‍ നിന്ന് അവളെ രക്ഷിച്ച് അവള്‍ക്ക് ചിറകുകള്‍ നല്‍കിയത്. ഗുലോബോയുടെ കുട്ടിക്കാലം പാമ്പുകള്‍ക്കൊപ്പമായിരുന്നു. മകുടിയുടെ ശബ്‌ദത്തിനനുസരിച്ച് ആടുന്ന പാമ്പുകള്‍ക്കൊത്ത് തെരുവുകളില്‍ നൃത്തം ചെയ്‌തു കൊണ്ടാണ് അവള്‍ വരുമാനം കണ്ടെത്തിയിരുന്നത്.
1981 അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ വര്‍ഷമായിരുന്നു. ഗുലാബോയുടെ നൃത്തപാടവം ശ്രദ്ധയില്‍പ്പെട്ട തൃപ്‌തി പാണ്ഡെയെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഒരു വേദിയില്‍ നൃത്തം ചെയ്യാന്‍ അവള്‍ക്ക് അവസരം നല്‍കി. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരു തുടക്കം മാത്രമായിരുന്നു അത്. 1985 മുതല്‍ രാജ്യാന്തരതലത്തില്‍ അവളുടെ കഴിവ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അന്നാദ്യമായി തൃപ്‌തി പാണ്ഡെ യുഎസിലേക്ക് അവളെ കൊണ്ടു പോയി. അന്നവള്‍ക്ക് പാസ്‌പോര്‍ട്ട് പോലും ഇല്ലായിരുന്നു. അക്കാലത്ത് പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കില്ലായിരുന്നു. പ്രായം തെളിയിക്കുന്ന വ്യാജ രേഖയുണ്ടാക്കിയാണ് അവള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്. പരിപാടിക്ക് ശേഷം അമേരിക്കയില്‍ നിന്ന് മടങ്ങാനിരിക്കെയാണ് ഗുലാബോയുടെ അച്ഛന്‍ മരിക്കുന്നത്. അച്ഛനുമായി വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന ഗുലാബോയ്ക്ക് അതൊരു വലിയ തിരിച്ചടിയായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ അമ്മയുടെ അനുമതിയോടെ അവള്‍ മുന്നോട്ട് കുതിക്കുകയായിരുന്നു.
അമേരിക്കയിലെ മികച്ച പ്രകടനത്തിന് ശേഷം അവിടുത്തെ കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനായി ഗുലാബോയ്‌ക്ക് അമേരിക്കന്‍ പൗരത്വം വാഗ്‌ദാനം ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ അതു നിരസിച്ച ഗുലാബോ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സന്ദര്‍ശിക്കുകയും നൃത്തവുമായി ഇന്ത്യയില്‍ തന്നെ ജീവിക്കുകയും ചെയ്യണമെന്ന ഗുലാബോയുടെ ആഗ്രഹം അറിഞ്ഞ അദ്ദേഹം ഏറെ സന്തുഷ്‌ടവാനാകുകയും ചെയ്‌തു. ഗുലാബോ അദ്ദേഹത്തിന്‍റെ കയ്യില്‍ രാഖി കെട്ടുകയും അദ്ദേഹം അവളെ സഹോദരിയായി അംഗീകരിക്കുകയും ചെയ്‌തു. ബിഗ്‌ബോസിലും തന്‍റെ നൃത്തം അവതരിപ്പിക്കാന്‍ ഗുലോബോയ്‌ക്ക് അവസരമുണ്ടായി. കലാകാരന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി ജയ്‌പൂരിലെ റോഡിലൂടെ 15 കിലോമീറ്ററാണ് ഇവര്‍ നൃത്തം ചെയ്‌ത് നീങ്ങിയത്. വേറിട്ട പ്രതിഷേധം ഫലം കാണുകയും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തു.
വാക്കുകള്‍ ചിലപ്പോള്‍ കാലങ്ങള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കും. ഗുലാബോയുടെ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണവും അത്തരത്തിലുള്ള ഒരു വലിയ ഉദാഹരണമാണ്.