ഹൈദരാബാദ്:ഗുജറാത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്. ഒന്നരവർഷം കൊണ്ട് വ്യാജ ടോൾ പ്ലാസയിലൂടെ തട്ടിപ്പുകാർ 75 കോടി രൂപയാണ് പിരിച്ചെടുത്തത്. അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻഎച്ച് 8 എ യിൽ മോർബി ജില്ലയിലെ വാങ്കനേർ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോൾഗേറ്റ് പ്രവർത്തിച്ചിരുന്നത്(fake toll plaza on the national highway in Gujarat's Morbi district).
പ്രവർത്തിക്കാതെ കിടന്ന വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടൈൽ ഫാക്‌ടറിയുടെ സ്ഥലത്താണ് വ്യാജ ടോൾ ഗേറ്റ് നിർമ്മിച്ചത്. ശേഷം മോർബിയിൽനിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ പകുതി ടോൾ ഈടാക്കി കടത്തിവിടുകയായിരുന്നു തട്ടിപ്പുകാരുടെ പതിവെന്നും പൊലീസ് പറഞ്ഞു.
വഘാസിയയിൽ ഔദ്യോഗിക ടോൾ ഗേറ്റിൽ 110-600 രൂപ നിരക്കാണ് ഈടാക്കുന്നത്. വ്യാജ ടോളിൽ 20-200 രൂപ നിരക്കിൽ വാഹനങ്ങളെ കടത്തി വിട്ടിരുന്നു. കൂലിക്കാരുടെ സഹായത്തോടെയാണ് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങളെ ടോളിലേക്ക് ആകർഷിച്ചിരുന്നത്.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റ് ഹൗസ് ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമർഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേർ പൊലീസ് കേസെടുത്തത്. ഫാക്ടറി പൂട്ടിയിരുന്നതിനാലാണ് സ്ഥലം പാട്ടത്തിന് നൽകിയതെന്നും തങ്ങൾക്ക് ടോൾ ഗേറ്റുമായി ബന്ധമില്ലെന്നുമാണ് ഇയാളുടെ പിതാവ് ജെറാം പട്ടേൽ പറയുന്നത്. മറ്റൊരു പ്രതിയായ ധർമേന്ദ്രസിങ് ഝാല വഘാസിയ ഗ്രാമത്തിന്‍റെ സർപഞ്ചാണ്. ഇയാളുടെ ഭാര്യ റിയാബ താലൂക്ക് പഞ്ചായത്തിലെ ബിജെപി ഭരണസമിതിയുടെ മുൻ പ്രസികന്‍റായിരുന്നു.